തിരുവനന്തപുരം: സാങ്കേതിക തകരാറിനെ തുടര്‍ന്ന് വിമാനത്താവളത്തില്‍ 20 ദിവസമായി തുടരുന്ന അമേരിക്കന്‍ നിര്‍മ്മിത ബ്രിട്ടീഷ് യുദ്ധവിമാനം തിരികെ കൊണ്ടുപോകാനായി ബ്രിട്ടനില്‍ നിന്നുള്ള സംഘവുമായി ചരക്ക് വിമാനം എത്തി. എയര്‍ബസ് അറ്റ്‌ലസ് എന്ന വിമാനമാണ് എത്തിയത്. സംഘത്തില്‍ വ്യോമസേനയിലെ പതിനേഴ് സാങ്കേതിക വിദഗ്ധര്‍ ഉണ്ട്. സാങ്കേതിക പ്രശ്നം പരിഹരിച്ചില്ലെങ്കില്‍ ചരക്ക് വിമാനത്തില്‍ യുദ്ധവിമാനം കൊണ്ടുപോകും.
എയര്‍ ഇന്ത്യ ഹാങ്ങറില്‍ വിമാനമെത്തിച്ച് തകരാര്‍ പരിഹരിക്കാനുള്ള ശ്രമം നടത്തും. ഇതിന് സാധിച്ചില്ലെങ്കില്‍ ചിറകുകളടക്കം അഴിച്ചു മാറ്റി ചരക്ക് വിമാനത്തില്‍ തിരികെ കൊണ്ടുപോകും.
ലോകത്തിലെ ഏറ്റവും വിലയേറിയതും അത്യാധുനികവുമായുള്ള യുദ്ധ വിമാനമാണ് എഫ് 35ബി.ഇറാനെതിരെയുള്ള ഇസ്രയേല്‍ വ്യാമാക്രമണത്തിലെ മുന്‍നിര പോരാളി. അഞ്ചാം തലമുറയില്‍ പെട്ട ഈ യുദ്ധവിമാനത്തെ റഡാറുകള്‍ക്ക് പോലും കണ്ടെത്തുക അസാധ്യമാണ്. കേരളതീരത്തു നിന്ന് 100 നോട്ടിക്കല്‍ മൈല്‍ അകലെ വിമാനവാഹിനി കപ്പലില്‍ നിന്ന് പറന്നുയര്‍ന്ന യുദ്ധവിമാനത്തിന് പ്രക്ഷുബ്ധമായ കടലും കാറ്റും കോളും നിറഞ്ഞ കാലാവസ്ഥയുമാണ് തിരിച്ചിറക്കലിന് പ്രതിസന്ധി സൃഷ്ടിച്ചത്.
ഏറെനേരം ആകാശത്ത് വട്ടമിട്ടു പറന്ന വിമാനത്തിന് ഒടുവില്‍ ഇന്ത്യന്‍ പ്രതിരോധ വകുപ്പിന്റെ അനുമതിയോടെ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിങ് നടത്തേണ്ടി വരികയായിരുന്നു. ഇന്ധനം കുറഞ്ഞതിനെത്തുടര്‍ന്ന് ഇന്ധനം നിറച്ചു. ഞായറാഴ്ച പറന്നുയരാന്‍ തീരുമാനിച്ചെങ്കിലും യന്ത്ര തകരാര്‍ കാരണം സാധിച്ചില്ല. വിമാനത്തിന്റെ പരിഹരിച്ചു തിരികെ കൊണ്ടു പോകാന്‍ ബ്രിട്ടീഷ് കപ്പലില്‍ നിന്ന് സൈനിക ഹെലികോപ്റ്ററും സാങ്കേതിക സംഘവും എത്തി. എന്നാല്‍ സാങ്കേതിക തകരാര്‍ പരിഹരിക്കാന്‍ ആയിട്ടില്ല.










