നടൻ വിജയ് നായകനായി പുറത്തിറങ്ങാനിരിക്കുന്ന ‘ജനനായകൻ’ സിനിമയുടെ വ്യാജപതിപ്പ് ടെലിവിഷൻ വഴി സംപ്രേഷണം ചെയ്ത സംഭവത്തിൽ കേബിൾ ചാനൽ ഉടമ അറസ്റ്റിൽ. ഏപ്രിൽ 11ന് കോയമ്പത്തൂരിലെ ഒരു പ്രാദേശിക കേബിൾ ചാനലിലൂടെയാണ് ചിത്രം നിയമവിരുദ്ധമായി പ്രദർശിപ്പിച്ചത്. ഓൺലൈനിലൂടെ ചിത്രം ചോർന്ന സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ഈ സംഭവം പുറത്തുവന്നത്.
കോയമ്പത്തൂർ കരുമത്താംപട്ടി സ്വദേശിയും ‘രാശി പ്രൈം മൂവി’ ചാനലിന്റെ ഉടമയുമായ എസ്. പളനിസാമി (44)യെ പൊലീസ് അറസ്റ്റ് ചെയ്തു. വിജയിന്റെ രാഷ്ട്രീയ പാർട്ടിയായ തമിഴക വെട്രി കഴകത്തിന്റെ കോയമ്പത്തൂർ ഈസ്റ്റ് യൂണിറ്റ് ഡെപ്യൂട്ടി സെക്രട്ടറി മോഹനപ്രിയ നൽകിയ പരാതിയിലാണ് നടപടി.
പരാതി ലഭിച്ചതോടെ ജില്ലാ പോലീസ് മേധാവി കെ. കാർത്തികേയൻ രണ്ട് പ്രത്യേക അന്വേഷണസംഘങ്ങളെ നിയോഗിച്ചു. അന്വേഷണത്തിൽ ചിത്രം അനധികൃതമായി കൈവശപ്പെടുത്തി പൊതുജനങ്ങൾക്ക് മുന്നിൽ പ്രദർശിപ്പിച്ചതായി സ്ഥിരീകരിച്ചു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ചാനൽ ഓഫീസിൽ നിന്ന് കമ്പ്യൂട്ടറുകൾ, അഞ്ച് ഹാർഡ് ഡിസ്കുകൾ ഉൾപ്പെടെ നിരവധി ഇലക്ട്രോണിക് ഉപകരണങ്ങൾ പിടിച്ചെടുത്തു, ഓഫീസ് സീൽ ചെയ്യുകയും ചെയ്തു.
ഏപ്രിൽ 9ന് ചിത്രത്തിന്റെ ഉയർന്ന ഗുണമേന്മയുള്ള പതിപ്പ് ഇന്റർനെറ്റിൽ ചോർന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് തമിഴ്നാട് സൈബർ കുറ്റാന്വേഷണ വിഭാഗം ആറുപേരെ അറസ്റ്റ് ചെയ്യുകയും നിരവധി അനധികൃത ലിങ്കുകൾ നീക്കം ചെയ്യുകയും ചെയ്തു. ചിത്രത്തിന്റെ നിർമ്മാതാക്കളായ കെ.വി.എൻ പ്രൊഡക്ഷൻസ്, പൈറേറ്റഡ് ലിങ്കുകൾ പങ്കുവെക്കരുതെന്നും ക്ലിപ്പുകൾ ഉടൻ നീക്കം ചെയ്യണമെന്നും ആരാധകരോട് അഭ്യർത്ഥിച്ചിരുന്നു.
എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ‘ജനനായകൻ’, രാഷ്ട്രീയ രംഗത്തേക്ക് പൂർണമായി കടക്കുന്നതിന് മുമ്പുള്ള വിജയിന്റെ അവസാന ചിത്രമായാണ് വിലയിരുത്തുന്നത്. ബോബി ഡിയോൾ, പൂജ ഹെഗ്‌ഡെ, മമിത ബൈജു, ഗൗതം മേനോൻ, പ്രകാശ് രാജ് എന്നിവർ ചിത്രത്തിൽ പ്രധാനവേഷങ്ങളിൽ എത്തുന്നു.




