വിശാഖപട്ടണം: ടാറ്റാ നഗര്‍ – എറണാകുളം എക്സ്പ്രസ് ട്രെയിനിന് തീപിടിച്ചു. രണ്ട് എസി കോച്ചുകള്‍ പൂര്‍ണമായും കത്തി നശിച്ചു. ബി 1, എം 2 കോച്ചുകളാണ് കത്തിയത്. കോച്ചുകളില്‍ ഉണ്ടായിരുന്ന 158 യാത്രക്കാരെ രക്ഷപ്പെടുത്തി.
ഒരാള്‍ മരിച്ചെന്നാണ് പ്രാഥമിക വിവരം. മരിച്ചയാളുടെ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല. ട്രെയിന്‍ വിശാഖപട്ടണത്ത് നിന്ന് 66 കിലോമീറ്റര്‍ അകലെയുള്ള അനകാപള്ളി ജില്ലയിലെ യെലമഞ്ചലി സ്റ്റേഷന് സമീപം എത്തിയപ്പോഴാണ് തീപിടിത്തം ഉണ്ടായത്.
18189 ടാറ്റാനഗര്‍ – എറണാകുളം ജംഗ്ഷന് സൂപ്പര്‍ ഫാസ്റ്റ് എക്സ്പ്രസിന്റെ രണ്ട് കോച്ചുകളിലാണ് തീപിടിത്തമുണ്ടായത്.
പുലര്‍ച്ചെയാണ് സംഭവം. തീപിടിത്തമുണ്ടായപ്പോള്‍ ഒരു കോച്ചില്‍ 82 യാത്രക്കാരും രണ്ടാമത്തെ കോച്ചില്‍ 76 യാത്രക്കാരുമുണ്ടായിരുന്നു. തീപിടിത്തം ശ്രദ്ധയില്‍പ്പെട്ട ലോക്കോ പൈലറ്റുമാര്‍ ഉടന്‍ തന്നെ ട്രെയിന്‍ നിര്‍ത്തി.
റെയില്‍വെ ഉദ്യോഗസ്ഥര്‍ അഗ്നിശമന സേനയെ വിവരമറിയിച്ചു. കനത്ത പുക പടര്‍ന്നതോടെ യാത്രക്കാര്‍ കോച്ചുകളില്‍ നിന്ന് പുറത്തേക്ക് ഓടി. ഫയര്‍ എഞ്ചിനുകള്‍ എത്തുന്നതിനുമുമ്പ്, രണ്ട് കോച്ചുകളും പൂര്‍ണമായും കത്തിനശിച്ചിരുന്നു.
രക്ഷാപ്രവര്‍ത്തനത്തിന് റെയില്‍വെ ഉദ്യോഗസ്ഥര്‍ നേതൃത്വം നല്കി. തീപിടിച്ച രണ്ട് കോച്ചുകളും ട്രെയിനില്‍ നിന്ന് വേര്‍പെടുത്തി.
യാത്രക്കാരെ ഉടനെ പുറത്തിറക്കാന്‍ കഴിഞ്ഞതിനാല്‍ വന്‍ ദുരന്തം ഒഴിവായി. യാത്രക്കാര്‍ സുരക്ഷിതരാണെന്ന് ദക്ഷിണ മേഖലാ റെയില്‍വേ അധികൃതര്‍ അറിയിച്ചു. തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല.










