ഹിമാലയൻ താഴ്‌വരയെ പ്രകമ്പനം കൊള്ളിച്ചുകൊണ്ട് ലഡാക്കിൽ സംസ്ഥാന പദവിക്കും ആറാം ഷെഡ്യൂളിനും വേണ്ടിയുള്ള ജനകീയ പ്രക്ഷോഭം രക്തരൂക്ഷിതമായിരിക്കുകയാണ്. ലേയിൽ നടന്ന പ്രതിഷേധം അക്രമാസക്തമാവുകയും പോലീസുമായുള്ള ഏറ്റുമുട്ടലിൽ നാല് പേർ കൊല്ലപ്പെടുകയും നൂറോളംപേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു . പ്രക്ഷോഭകർ ലേയിലെ ബിജെപി ഓഫീസ് അഗ്നിക്കിരയാക്കുകയും സമാധാനപരമായി ആരംഭിച്ച സമരം തെരുവ് യുദ്ധത്തിലേക്ക് വഴുതിവീണതോടെ, രാജ്യത്തിന്റെ വടക്കേയറ്റത്ത് കനത്ത ആശങ്കയുടെ കാർമേഘങ്ങൾ ഉരുണ്ടുകൂടുകയാണ്.
സംഘർഷം ആളിക്കത്തിയതിന് പിന്നിൽ കോൺഗ്രസിന്റെ ” ഗൂഢാലോചന” ആണെന്ന് ബിജെപി ആരോപിച്ചത് . ഇത് ‘പുതുതലമുറയുടെ’ പ്രതിഷേധമല്ല, മറിച്ച് കോൺഗ്രസ് സ്പോൺസർ ചെയ്ത കലാപമാണെന്നും, രാജ്യത്ത് ബംഗ്ലാദേശിലും നേപ്പാളിലും ഫിലിപ്പീൻസിലും കണ്ടതിന് സമാനമായ അസ്ഥിരത സൃഷ്ടിക്കാനുള്ള രാഹുൽ ഗാന്ധിയുടെ പദ്ധതിയുടെ ഭാഗമാണിതെന്നും ബിജെപി തുറന്നടിച്ചു .
സംസ്ഥാന പദവി പുനസ്ഥാപിക്കുക എന്ന ആവശ്യങ്ങൾ ഉന്നയിച്ച് ലേ അപെക്സ് ബോഡിയുടെ (LAB) യുവജന വിഭാഗം നടത്തിയ പ്രതിഷേധമാണ് അക്രമാസക്തമായത്. സെപ്തംബർ 10 മുതൽ 15 ഓളം പ്രവർത്തകർ നടത്തിവന്ന നിരാഹാര സമരത്തിൽ പങ്കെടുത്ത രണ്ടുപേരുടെ ആരോഗ്യനില വഷളായതിനെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റിയതോടെയാണ് യുവജനങ്ങൾ തെരുവിലിറങ്ങിയത്.
സമാധാനപരമായി തുടങ്ങിയ സമരപരിപാടികൾ പെട്ടെന്ന് അക്രമാസക്തമാവുകയും . പ്രക്ഷോഭകർ പോലീസിന് നേരെ കല്ലെറിയുകയും വാഹനങ്ങൾ തകർക്കുകയും ചെയ്തു. ഏറ്റവും നാടകീയമായ രംഗങ്ങൾ അരങ്ങേറിയത് ബിജെപി ഓഫീസിന് മുന്നിലാണ്.
നൂറുകണക്കിന് വരുന്ന പ്രക്ഷോഭകർ പാർട്ടി ഓഫീസ് വളയുകയും തീയിടുകയുമായിരുന്നു ]. ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പോലീസ് കണ്ണീർ വാതകവും ലാത്തിച്ചാർജും പ്രയോഗിക്കുകയും ഇതിനിടയിലുണ്ടായ വെടിവെപ്പിൽ നാല് പേർക്ക് ജീവൻ നഷ്ടമാവുകയും ചെയ്തിരുന്നു . അക്രമത്തിൽ 22 പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ അമ്പതിലധികം പേർക്ക് പരിക്കേൽക്കുകയും സംഘർഷത്തെ തുടർന്ന് ലേയിൽ കർഫ്യൂ പ്രഖ്യാപിക്കുകയും ലഡാക്ക് ഫെസ്റ്റിവൽ റദ്ദാക്കുകയും ചെയ്തിരിക്കുകയാണ് .
ലഡാക്കിലെ സാഹചര്യം സങ്കീർണ്ണമായി തുടരുകയാണ്. ഒരു വശത്ത് തങ്ങളുടെ സ്വത്വവും ഭാവിയും സംരക്ഷിക്കാൻ തെരുവിലിറങ്ങിയ ഒരു ജനത. മറുവശത്ത്, ദേശീയ സുരക്ഷയുടെയും രാഷ്ട്രീയ ഗൂഢാലോചനയുടെയും ആരോപണങ്ങൾ. സമാധാനത്തിന്റെ താഴ്‌വരയിൽ നിന്ന് വെടിയൊച്ചകളും പ്രതിഷേധത്തിന്റെ തീയും ഉയരുമ്പോൾ, ലഡാക്കിന്റെ ഭാവി ഒരു വലിയ ചോദ്യചിഹ്നമായി അവശേഷിക്കുന്നു. രാഷ്ട്രീയ പാർട്ടികൾ ആരോപണ പ്രത്യാരോപണങ്ങൾ തുടരുമ്പോൾ, തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കപ്പെടുമെന്ന പ്രതീക്ഷയിൽ കാത്തിരിക്കുകയാണ് ലഡാക്കിലെ ജനത.




