തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിൽ രോഗികള്‍ മരിച്ചതു തീപിടിത്തം കാരണം അല്ലെന്ന് ആശുപത്രിയുടെ റിപ്പോര്‍ട്ട്. ഐസിയുവിലെ തീപിടിത്തത്തില്‍ രോഗികളെ മാറ്റിയത് കൃത്യമായ ജീവന്‍രക്ഷാ സംവിധാനങ്ങള്‍ ഉറപ്പാക്കിയാണെന്നും വകുപ്പ് മേധാവികളുടെ റിപ്പോർട്ടിൽ പറയുന്നുണ്ട് . തീപിടിത്തമുണ്ടായ അന്നും പിറ്റേന്നുമായി റിപ്പോര്‍ട്ട് ചെയ്ത മരണങ്ങള്‍ സംബന്ധിച്ചുള്ള വിവരങ്ങളടക്കമുള്ള റിപ്പോര്‍ട്ടാണ് കൈമാറിയിരിക്കുന്നത് .
അഞ്ച് രോഗികളുടെയും മരണത്തിനു കാരണം ഗുരുതര പരുക്കുകളെ തുടര്‍ന്ന് സ്ഥിതി വഷളായതിനെ തുടർന്നാണെന്ന് റിപ്പോർട്ടിൽ പറയുന്നു . തീപിടിത്തമുണ്ടായ ഐസിയുവിലെ വെന്റിലേറ്ററിലുണ്ടായിരുന്നവര്‍ക്ക് അമ്പ്യൂ ബാഗ് സപ്പോര്‍ട്ടും ഓക്‌സിജന്‍ സഹായവും നല്‍കിയിരുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കൂടി പരിശോധിച്ച് അന്തിമ നിഗമനത്തിലേക്ക് എത്താനാകൂവെന്നും റിപ്പോര്‍ട്ടിലുണ്ട്.
രോഗികളെ മാറ്റുന്നതിനിടെ ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ട 9 ജീവനക്കാര്‍ക്കും ചികിത്സ നല്‍കിയെന്നാണ് ന്യൂറോ സര്‍ജറി, സര്‍ജറി വിഭാഗം മേധാവിമാര്‍ സൂപ്രണ്ടിനു നല്‍കിയ റിപ്പോര്‍ട്ടിലുള്ളത്. തീപിടിത്തതിന്റെ സമയത്ത് ഓയൂര്‍ സ്വദേശി കൃഷ്ണന്‍കുട്ടിയെ ഐസിയുവിലേക്ക് മാറ്റിയതിനു ശേഷം ഓക്‌സിജന്‍ ലെവലില്‍ കുറവുണ്ടായെന്നും ബന്ധുക്കള്‍ ആരോപിച്ചു. സംഭവത്തില്‍ നിയമനടപടിക്ക് ഒരുങ്ങുകയാണ് കൃഷ്ണന്‍കുട്ടിയുടെ കുടുംബം.






