ബംഗളൂരു: അഞ്ചുവയസ്സുകാരിയായ മകളെ അമ്മയും കാമുകനും ചേർന്ന് കൊലപ്പെടുത്തിയെന്ന പരാതിയുമായി പിതാവ് രംഗത്തെത്തി. സംഭവം നടന്നത് മൂന്ന് മാസം മുമ്പായിരുന്നുവെങ്കിലും പിന്നീട് മാത്രമാണ് വിവരം പുറത്തായത്. ദാവൻഗരെ സ്വദേശിയായ പ്രവീണിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ കാമുകൻ മോഹനെ പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടിയുടെ അമ്മ പ്രിയങ്ക ഇപ്പോൾ ഒളിവിലാണ്.
പ്രവീണിന്റെയും പ്രിയങ്കയുടെയും ഇളയ മകളായ വെന്നില മാർച്ച് 24-നാണ് മരിച്ചതെന്ന് രേഖകൾ പറയുന്നു. 2007-ൽ വിവാഹിതരായ ഇവർക്കു 17-ഉം 5-ഉം വയസ്സുള്ള രണ്ട് പെൺമക്കളാണുള്ളത്. കുറച്ച് വർഷങ്ങൾക്ക് മുൻപ് കോളേജ് സുഹൃത്തായ മോഹനുമായി പ്രിയങ്ക വീണ്ടും ബന്ധം സ്ഥാപിക്കുകയും പിന്നീട് ഇരുവരും ഒരുമിച്ച് താമസം ആരംഭിക്കുകയും ചെയ്തതായാണ് വിവരം. ഇതുമായി ബന്ധപ്പെട്ട കുടുംബ തർക്കങ്ങൾക്കിടെ പ്രിയങ്ക വിവാഹമോചനം ആവശ്യപ്പെട്ടിരുന്നു.
പ്രവീണിൽ നിന്ന് വേർപിരിഞ്ഞ ശേഷം മോഹനോടൊപ്പം താമസിക്കുമ്പോൾ ഇളയ മകളായ വെന്നിലയെയും കൂടെ കൂട്ടിയിരുന്നു. കുട്ടിയുടെ മരണത്തെക്കുറിച്ച് ചോദിച്ചപ്പോൾ പ്രിയങ്ക പരസ്പരവിരുദ്ധമായ വിശദീകരണങ്ങളാണ് നൽകിയിരുന്നതെന്ന് ബന്ധുക്കൾ പറയുന്നു. ഭക്ഷണം നൽകിയ ശേഷം ഉറക്കാൻ കിടത്തിയപ്പോൾ പിറ്റേന്ന് രാവിലെ കുട്ടി മരിച്ച നിലയിൽ കണ്ടെത്തിയതാണെന്നുമാണ് പ്രിയങ്കയുടെ ആദ്യ വിശദീകരണം.
പിന്നീട് പോസ്റ്റ്മോർട്ടം റിപ്പോർട്ട് വിദേശത്തുള്ള ഡോക്ടറായ ബന്ധുവിന് പ്രവീൺ അയച്ചതോടെയാണ് മരണത്തിൽ സംശയം ഉയർന്നത്. റിപ്പോർട്ട് പരിശോധിച്ച ഡോക്ടർ കുട്ടി ക്രൂരമായ മർദ്ദനത്തിനിരയായിട്ടുണ്ടാകാമെന്നും ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതായിരിക്കാമെന്നും സംശയം പ്രകടിപ്പിച്ചതോടെ പ്രവീൺ പൊലീസിൽ പരാതി നൽകി.
ഇതിന്റെ അടിസ്ഥാനത്തിൽ മോഹനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒളിവിലുള്ള പ്രിയങ്കയ്ക്കായി തിരച്ചിൽ തുടരുകയാണ്. കുട്ടിയുടെ ആന്തരികാവയവങ്ങളുടെ ഫോറൻസിക് പരിശോധനാ ഫലം ലഭിച്ച ശേഷമേ മരണകാരണം സംബന്ധിച്ച് കൂടുതൽ വ്യക്തത ലഭിക്കൂ എന്ന് പൊലീസ് അറിയിച്ചു.






