മുംബൈ: മുംബൈയിലെ പൈധോനിയിൽ ബിരിയാണിയും തണ്ണിമത്തനും കഴിച്ചതിന് പിന്നാലെ ഒരു കുടുംബത്തിലെ നാല് പേർ മരിച്ചതായി റിപ്പോർട്ട്. ഭക്ഷ്യവിഷബാധയാണ് മരണകാരണമെന്ന് പ്രാഥമിക നിഗമനം.
40 വയസ്സുള്ള അബ്ദുള്ള ദൊക്കാർഡിയ, ഭാര്യ 35 വയസ്സുള്ള നസ്രീൻ ദൊക്കാർഡിയ, 16 വയസ്സുള്ള മകൾ അയിഷ, 13 വയസ്സുള്ള മകൾ സെയിനബ് എന്നിവരാണ് മരിച്ചത്.
ഏപ്രിൽ 25ന് രാത്രി നടന്ന അത്താഴവിരുന്നിൽ കുടുംബത്തിലെ ഒമ്പത് പേർ ഒരുമിച്ച് ഭക്ഷണം കഴിച്ചിരുന്നു. തുടർന്ന് ചില ബന്ധുക്കൾ മടങ്ങിപ്പോയി. രാത്രി തണ്ണിമത്തൻ കഴിച്ചതിന് പിന്നാലെ അസ്വസ്ഥതകൾ ആരംഭിച്ചതായാണ് വിവരം. ഏപ്രിൽ 26 പുലർച്ചെ നാലുപേർക്കും ഛർദ്ദി, വയറിളക്കം തുടങ്ങിയ ഗുരുതര ലക്ഷണങ്ങൾ കണ്ടതോടെ ആദ്യം കുടുംബ ഡോക്ടറെ കണ്ടു. തുടർന്ന് ജെ.ജെ. ആശുപത്രിയിലേക്ക് മാറ്റി.
ചികിത്സയ്ക്കിടെ ആദ്യം മകളും പിന്നാലെ പിതാവും മരിച്ചു. പിന്നാലെ മാതാവും മൂത്ത മകളും മരണത്തിന് കീഴടങ്ങുകയായിരുന്നു. സംഭവത്തിൽ ഭക്ഷ്യവിഷബാധ സംശയിക്കുന്നുണ്ടെങ്കിലും കൃത്യമായ കാരണം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.




