പാലക്കാട്: കെഎസ്ആര്‍ടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്ന സർക്കാർ തീരുമാനം പുനഃപരിശോധിക്കണമെന്ന് ആൾ കേരള ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ ആവശ്യപ്പെട്ടു. ഈ തീരുമാനം സ്വകാര്യ ബസ് മേഖലയെ ഗുരുതരമായി ബാധിക്കുമെന്നു സംഘടനാ സംസ്ഥാന ജനറൽ സെക്രട്ടറി ടി. ഗോപിനാഥൻ പറഞ്ഞു.
സർക്കാരിന്റെ നടപടി ഏകപക്ഷീയമാണെന്നും പൊതുഗതാഗത സംവിധാനം തന്നെ പ്രതിസന്ധിയിലാക്കുമെന്നും അദ്ദേഹം ആരോപിച്ചു. കെഎസ്ആര്‍ടിസി കണക്കുകൾ പ്രകാരം ദിവസേന 19 ലക്ഷം സ്ത്രീകൾ സേവനം ഉപയോഗിക്കുന്നതിനാൽ, സൗജന്യ യാത്ര നടപ്പായാൽ സ്വകാര്യ ബസുകൾക്ക് വിദ്യാർത്ഥികളെ മാത്രം ആശ്രയിക്കേണ്ട സാഹചര്യം ഉണ്ടാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
തമിഴ്നാട്, കർണാടക എന്നിവിടങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ കേരളത്തിലെ സാഹചര്യങ്ങൾ വ്യത്യസ്തമാണെന്നും, സ്വകാര്യ ബസ് മേഖലയെ ഉൾപ്പെടുത്തി ചർച്ച നടത്താതെ എടുത്ത തീരുമാനം ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.
വി.ഡി. സതീശന്റെ “പുതുയുഗ യാത്ര” പരിപാടിയിൽ സ്വകാര്യ ബസ് മേഖലയിലെ പ്രശ്നങ്ങൾ ഉന്നയിച്ചിരുന്നുവെന്നും അന്ന് പരിഹാരം ഉണ്ടാകുമെന്ന് ഉറപ്പ് നൽകിയിരുന്നുവെന്നും ടി. ഗോപിനാഥൻ പറഞ്ഞു. മേഖലയെ രക്ഷിക്കാൻ പ്രത്യേക പാക്കേജ് സർക്കാർ പ്രഖ്യാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.






