കൊൽക്കത്ത: പശ്ചിമ ബംഗാളിലെ തിരഞ്ഞെടുപ്പിൽ കനത്ത തോൽവി നേരിട്ടതിന് പിന്നാലെ തൃണമൂൽ കോൺഗ്രസിൽ ഭിന്നതയും വിമർശനവും ശക്തമാകുന്നു. പ്രതിപക്ഷ നേതാവായ സുവേന്ദു അധികാരിയെ പ്രശംസിച്ച് പാർട്ടി വക്താവ് രംഗത്തെത്തിയതോടെ ഇയാളെ പാർട്ടിയിൽ നിന്ന് പുറത്താക്കി.
പാർട്ടിയുടെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഐപാക്ക് പോലുള്ള പുറത്തുനിന്നുള്ള ഏജൻസികൾക്ക് വിട്ടുനൽകിയതിന്റെ ഉത്തരവാദിത്വം അഭിഷേക് ബാനർജിക്കാണെന്ന് യുവ നേതാവ് റിജു ദത്ത ആരോപിച്ചു.
താൻ “നെപ്പോ കിഡ്” അല്ലാത്തതിനാലാണ് പുറത്താക്കിയതെന്നും അദ്ദേഹം പ്രതികരിച്ചു. അതേസമയം മുൻ മന്ത്രി മനോജ് തിവാരി, അഴിമതി ആരോപണങ്ങൾ നേരിടുന്ന സർക്കാരിന് ലഭിച്ച ജനവിധിയാണിതെന്ന് കുറ്റപ്പെടുത്തി.
മുതിർന്ന നേതാവ് കൃഷ്ണേന്ദു നാരായൺ, കൊൽക്കത്ത ഡെപ്യൂട്ടി മേയർ അതിൻ ഘോഷ്, സ്ഥാനാർഥിയായിരുന്ന രത്ന ഘോഷ് എന്നിവരും അഭിഷേക് ബാനർജിയുടെ പ്രവർത്തനശൈലിയാണ് തോൽവിക്ക് കാരണമെന്ന് ആരോപിച്ചു. തിരഞ്ഞെടുപ്പിന്റെ നിർണായക ഘട്ടങ്ങളിൽ നേതൃത്വവുമായി ബന്ധപ്പെടാൻ പോലും കഴിഞ്ഞില്ലെന്ന വിമർശനവും പാർട്ടിക്കുള്ളിൽ ഉയരുന്നുണ്ട്. എന്നാൽ നേതാക്കളുടെ വ്യക്തിപരമായ അഭിപ്രായങ്ങൾ മാത്രമാണിതെന്നും അത് പാർട്ടിയുടെ ഔദ്യോഗിക നിലപാട് അല്ലെന്നും തൃണമൂൽ കോൺഗ്രസ് നേതൃത്വം പ്രതികരിച്ചു.






