തിരുവനന്തപുരം: രാഷ്ട്രീയത്തില്‍ വ്യക്തിപരമായ ശത്രുതയ്‌ക്കോ വൈരാഗ്യങ്ങള്‍ക്കോ യാതൊരുവിധ സ്ഥാനവുമില്ലെന്ന് നിയമസഭയുടെ പ്രോടേം സ്പീക്കറായി ചുമതലയേറ്റ മുതിര്‍ന്ന നേതാവ് ജി. സുധാകരന്‍. സിപിഎമ്മിനോട് ഇടഞ്ഞ് പാര്‍ട്ടി വിട്ട് അമ്പലപ്പുഴ മണ്ഡലത്തില്‍ നിന്ന് യുഡിഎഫ് പിന്തുണയോടെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് വിജയിച്ച സുധാകരന്‍, മുന്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി തനിക്ക് യാതൊരുവിധ വ്യക്തിവൈരാഗ്യവുമില്ലെന്ന് വ്യക്തമാക്കി.
വ്യാഴാഴ്ച നടക്കുന്ന നിയമസഭാംഗങ്ങളുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ മറ്റ് ജനപ്രതിനിധികളെപ്പോലെ തന്നെയാണ് താന്‍ പിണറായി വിജയനെയും കാണുന്നതെന്നാണ് സുധാകരന്‍ പറഞ്ഞത്. മറ്റേതൊരു എംഎല്‍എയെയും പോലെ മാത്രമാണ് പിണറായി വിജയനും. അദ്ദേഹം രണ്ട് തവണ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായിരുന്നു എന്നത് ശരിയാണ്, എന്നാല്‍ അദ്ദേഹത്തിന്റെ ആദ്യ മന്ത്രിസഭയില്‍ താനും ഒരു പ്രധാന മന്ത്രിയായിരുന്നു എന്ന കാര്യം മറക്കരുത് എന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.






