എറണാകുളം: ചോറ്റാനിക്കര ദേവീക്ഷേത്ര പരിസരത്തെ മാലിന്യ പ്രശ്നത്തിൽ ഹൈക്കോടതി വിശദീകരണം തേടി. അടിയന്തരമായി ശുചീകരണ പ്രവർത്തനങ്ങൾ നടത്താൻ കോടതി നിർദേശം നൽകി. വീഴ്ച ആവർത്തിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്നും കോടതി മുന്നറിയിപ്പ് നൽകി.
മാലിന്യ നിർമാർജനവുമായി ബന്ധപ്പെട്ട് ഇതുവരെ സ്വീകരിച്ച നടപടികൾ വിശദീകരിച്ച് കൊച്ചിൻ ദേവസ്വം ബോർഡ് സത്യവാങ്മൂലം സമർപ്പിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. ബന്ധപ്പെട്ട ഉദ്യോഗസ്ഥരും തങ്ങളെടുത്ത നടപടികൾ വ്യക്തമാക്കുന്ന പ്രത്യേക സത്യവാങ്മൂലങ്ങൾ നൽകണമെന്നും നിർദേശമുണ്ട്. കേസ് ജൂൺ ഒന്നിന് വീണ്ടും പരിഗണിക്കും.
ശാസ്ത്രീയ മാലിന്യ സംസ്കരണത്തിനായി പദ്ധതികൾ തയ്യാറാക്കിയിട്ടുണ്ടെന്ന് നോഡൽ ഓഫീസർ കോടതിയെ അറിയിച്ചു. എന്നാൽ നിലവിലെ സ്ഥിതി അതീവ ദയനീയമാണെന്ന് കോടതി നിരീക്ഷിച്ചു. സെപ്റ്റിക് ടാങ്കിന് സമീപം കാട് പിടിച്ചുകിടക്കുന്ന സാഹചര്യം ഉൾപ്പെടെ കോടതി ചൂണ്ടിക്കാട്ടി.
ക്ഷേത്രപരിസരം ഇത്തരത്തിൽ അവഗണിക്കപ്പെടുന്നത് അംഗീകരിക്കാനാവില്ലെന്നും ഉദ്യോഗസ്ഥർ ഉത്തരവാദിത്വം ഒഴിവാക്കാൻ ശ്രമിക്കുന്ന സമീപനം ശരിയല്ലെന്നും കോടതി വിമർശിച്ചു. പാചകപ്പുര, ശൗചാലയം, ക്ഷേത്രക്കുളം, അന്നദാന മണ്ഡപം തുടങ്ങിയ ഇടങ്ങളിൽ പ്ലാസ്റ്റിക് മാലിന്യം കെട്ടിക്കിടക്കുന്ന ദൃശ്യങ്ങളും കോടതിയുടെ ശ്രദ്ധയിൽപ്പെട്ടതായി റിപ്പോർട്ടുണ്ട്.






