കോഴിക്കോട്: വടകര ഓർക്കാട്ടേരിയിലെ ഐ ബോണ്‍ ഹോട്ടളിൽ നിന്നും പഴകിയ ഭക്ഷ്യവസ്തുക്കൾ കണ്ടെത്തിയതിനെ തുടർന്ന് ഹോട്ടൽ അടച്ചുപൂട്ടി. ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിലാണ് ഹോട്ടലിൽ നിന്ന് നൂറോളം പഴകിയ പൊറോട്ടകൾ, കാലാവധി കഴിഞ്ഞ പായ്ക്കറ്റ് പാൽ, പഴകിയ തൈര്, ഉപയോഗശൂന്യമായ ഫ്രൈഡ് ഒനിയൻ, ദിവസങ്ങളോളം പഴക്കമുള്ള എണ്ണ എന്നിവ കണ്ടെത്തിയത്.
മുൻപ് നടത്തിയ പരിശോധനയിൽ ഹോട്ടലിൽ ഉപയോഗിച്ച വെള്ളത്തിൽ കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. ഈ വെള്ളം ഉപയോഗിക്കരുതെന്ന് അധികൃതർ നിർദേശം നൽകിയിരുന്നെങ്കിലും ഹോട്ടൽ അധികൃതർ അത് പാലിച്ചില്ല. പഞ്ചായത്ത് ലൈസൻസ് ഇല്ലാതെയും വൃത്തിഹീനമായ സാഹചര്യത്തിലുമാണ് ഹോട്ടൽ പ്രവർത്തിച്ചിരുന്നതെന്ന് കണ്ടെത്തി. കിണർജലം ഉപയോഗിക്കരുതെന്ന നിർദേശവും അവഗണിച്ചിരുന്നതായി ഉദ്യോഗസ്ഥർ അറിയിച്ചു.
ഇതിനെ തുടർന്ന് ഓർക്കാട്ടേരി സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് സൂപ്പർവൈസർ സുരേന്ദ്രൻ കല്ലേരിയുടെ നേതൃത്വത്തിൽ ഹോട്ടൽ പ്രവർത്തനം നിർത്തിവെച്ചു. ഭക്ഷ്യവിഷബാധയ്ക്ക് സാധ്യതയുള്ളതിനാൽ വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്ന് ആരോഗ്യവിഭാഗം അറിയിച്ചു.




