കൊൽക്കത്ത: ബംഗാളിൽ ബിജെപി അധികാരത്തിലെത്തിയാൽ സ്ത്രീകളും കുട്ടികളും ലക്ഷ്യമാക്കി പത്ത് ഗ്യാരന്റികൾ നടപ്പിലാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. കൃഷ്ണനഗറിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്ത്രീകൾക്കും പെൺമക്കൾക്കുമെതിരായ അതിക്രമങ്ങൾക്ക് കടുത്ത നടപടി സ്വീകരിക്കുമെന്നും ഓരോ ബ്ലോക്കിലും വനിതാ പോലീസ് സ്റ്റേഷനുകൾ സ്ഥാപിക്കുമെന്നും വൻതോതിൽ വനിതകളെ പോലീസ് സേനയിൽ നിയമിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ബിജെപി അധികാരത്തിലെത്തിയാൽ ഒരു വർഷത്തിനുള്ളിൽ സ്ത്രീകളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് 36,000 രൂപ നൽകുമെന്നും പെൺകുട്ടികളുടെ ബിരുദ പഠനത്തിന് 50,000 രൂപ സഹായം നൽകുമെന്നും മോദി പറഞ്ഞു. ഗർഭിണികൾക്ക് 21,000 രൂപയും കുട്ടികളുടെ പോഷകാഹാരത്തിനായി 36,000 രൂപയും നൽകുമെന്നും അറിയിച്ചു.
സുകന്യ സമൃദ്ധി യോജന വഴി പെൺകുട്ടികളുടെ ഭാവി സുരക്ഷിതമാക്കുമെന്നും പ്രധാനമന്ത്രി മുദ്ര യോജന പ്രകാരം 20 ലക്ഷം രൂപവരെ വായ്പ നൽകുമെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീകളെ ‘ലക്ഷപതി ദീദി’മാരാക്കി മാറ്റുമെന്നും പ്രധാനമന്ത്രി ആവാസ് യോജന പ്രകാരമുള്ള വീടുകൾ സ്ത്രീകളുടെ പേരിൽ രജിസ്റ്റർ ചെയ്യുമെന്നും വാഗ്ദാനം ചെയ്തു.
തൃണമൂൽ സർക്കാരിനെ വിമർശിച്ച മോദി, അഴിമതിക്കും അതിക്രമങ്ങൾക്കും എതിരെ ശക്തമായ നടപടി ഉണ്ടാകുമെന്ന് പറഞ്ഞു. നുഴഞ്ഞുകയറ്റക്കാരെ രാജ്യത്ത് തുടരാൻ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാന ജീവനക്കാർക്കും അധ്യാപകർക്കും ഏഴാം ശമ്പള കമ്മിഷൻ നടപ്പിലാക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ബംഗാളിലെ രണ്ടാംഘട്ട വോട്ടെടുപ്പ് ഏപ്രിൽ 29-നും വോട്ടെണ്ണൽ മേയ് 4-നും നടക്കും.




