ജെറുസലേം: ഇസ്രയേൽ–ഗാസ യുദ്ധത്തിൽ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നോട്ടുവച്ച സമാധാന പദ്ധതിയിൽ ചില പ്രധാന ഉപാധികൾ അംഗീകരിച്ചുകൊണ്ട് ഹമാസ് . ഗാസയിലെ ഭരണാധികാരം ‘സ്വതന്ത്ര ടെക്നോക്രാറ്റുകൾ’ അടങ്ങിയ പലസ്തീൻ സമിതിക്ക് കൈമാറാനും ഇസ്രയേലി ബന്ദികളെ പൂർണ്ണമായും വിട്ടുകൊടുക്കാനും തങ്ങൾ സന്നദ്ധമാണെന്ന് ഹമാസ് വ്യക്തമാക്കി.
മധ്യസ്ഥ ചർച്ചകൾക്കു മുന്നിൽ തുറന്ന മനസ്സോടെയാണെന്നും, മറ്റു ഉപാധികളെക്കുറിച്ച് കൂടുതൽ ചർച്ച ആവശ്യമാണെന്നും സംഘടന വ്യക്തമാക്കി. എന്നാൽ സമാധാന പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഹമാസിന്റെ നിരായുധീകരണം സംബന്ധിച്ച നിർദേശത്തെക്കുറിച്ച് പ്രതികരണം വന്നിട്ടില്ല.
ട്രംപിന്റെ സമാധാന പദ്ധതിയിൽ അടിയന്തര വെടിനിർത്തൽ, ബന്ദി–തടവുകാരുടെ സമ്പൂർണ്ണ കൈമാറ്റം, ഗാസയിൽ നിന്നുള്ള ഇസ്രയേൽ സൈനികരുടെ ഘട്ടംഘട്ടമായ പിന്മാറ്റം, ഹമാസിന്റെ നിരായുധീകരണം, അന്താരാഷ്ട്ര മേൽനോട്ടത്തിൽ ഇടക്കാല സർക്കാർ രൂപീകരണം എന്നിവയാണ് പ്രധാന നിർദേശങ്ങൾ.




