കാനറി: ഹാന്റ വൈറസ് ബാധ സ്ഥിരീകരിച്ച വിനോദസഞ്ചാര കപ്പലിൽ നിന്ന് യാത്രക്കാരെയും ജീവനക്കാരെയും ഒഴിപ്പിക്കാൻ ലോകാരോഗ്യ സംഘടനയുടെ മേൽനോട്ടത്തിൽ നടപടികൾ പുരോഗമിക്കുന്നു. 140ലധികം പേരെ സുരക്ഷിതമായി ഒഴിപ്പിക്കുന്നതിനായി ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് സ്പെയിനിലെത്തി.
അറ്റ്ലാന്റിക് സമുദ്രത്തിലൂടെ അർജന്റീനയിൽ നിന്ന് കേപ് വെർഡെയിലേക്ക് യാത്രതിരിച്ച ഡച്ച് വിനോദസഞ്ചാര കപ്പലായ എംവി ഹോണ്ടിയസ്യിലാണ് വൈറസ് ബാധ റിപ്പോർട്ട് ചെയ്തത്. മൂന്ന് പേർ മരിച്ചു. നിലവിൽ മൂന്ന് പേർ ചികിത്സയിലാണ്.
ബ്രിട്ടീഷ് പൗരനായ ഒരാൾ ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബർഗിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. രോഗബാധിതനായ 70കാരൻ സെന്റ് ഹെലീന ദ്വീപിൽ എത്തുന്നതിനിടെ മരിച്ചിരുന്നു. അദ്ദേഹത്തിന്റെ പങ്കാളിയായ 69കാരിയും പിന്നീട് ദക്ഷിണാഫ്രിക്കയിലെ ആശുപത്രിയിൽ മരിച്ചു. യാത്ര ആരംഭിക്കുന്നതിന് മുമ്പ് ഇവർ അർജന്റീനയിലും ദക്ഷിണ അമേരിക്കയിലെ മറ്റ് പ്രദേശങ്ങളിലുമായി സഞ്ചരിച്ചിരുന്നതായി റിപ്പോർട്ടുണ്ട്.
കപ്പൽ ഞായറാഴ്ച പുലർച്ചെയോടെ ടെനറൈഫിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. സ്പെയിൻ ആരോഗ്യമന്ത്രി മോണിക്ക ഗാർസിയയും ടെനറൈഫിലെത്തും. നിലവിൽ രോഗബാധിതരായവർക്കല്ലാതെ മറ്റാർക്കും രോഗലക്ഷണങ്ങളില്ലെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു.
ഹാന്റ വൈറസ് കോവിഡ് പോലെ വ്യാപകമായി പടരാനുള്ള സാധ്യത കുറവാണെന്നും നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി. കപ്പലിൽ നിന്ന് ഒഴിപ്പിക്കുന്നവരെ നിരീക്ഷണത്തിനായി ക്വാറന്റീനിലേക്ക് മാറ്റാനാണ് തീരുമാനം. അമേരിക്കയും ബ്രിട്ടനും തങ്ങളുടെ പൗരന്മാരെ ഒഴിപ്പിക്കാൻ പ്രത്യേക വിമാനങ്ങൾ അയയ്ക്കാമെന്ന് അറിയിച്ചിട്ടുണ്ട്.




