പാലക്കാട്: പാലക്കാട് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ടി.വി. റോഷിനെ സ്ഥലംമാറ്റി. വയനാട് കൽപ്പറ്റ ജനറൽ ആശുപത്രി സൂപ്രണ്ടായാണ് പുതിയ നിയമനം. പാലക്കാട് കോളറ സ്ഥിരീകരിച്ചെന്ന ആരോഗ്യ മന്ത്രിയുടെ പ്രസ്താവന ഡിഎംഒ തള്ളിയതിനെ തുടർന്നുണ്ടായ വിവാദത്തിന് പിന്നാലെയാണ് നടപടി.
പാലക്കാട് രണ്ട് പേർക്ക് കോളറ സ്ഥിരീകരിച്ചുവെന്ന ആരോഗ്യമന്ത്രി കെ. മുരളീധരന്റെ പ്രസ്താവന ഡിഎംഒ നേരത്തെ നിഷേധിച്ചിരുന്നു. ഇതോടെ ആരോഗ്യവകുപ്പ് പിന്നീട് പ്രസ്താവന തിരുത്തുകയും ചെയ്തിരുന്നു. വിവാദം നിലനിൽക്കുന്നതിനിടെയാണ് ഡിഎംഒയുടെ സ്ഥലംമാറ്റം പ്രഖ്യാപിച്ചത്. ഇത് പ്രതികാര നടപടിയാണെന്ന ആക്ഷേപത്തിനും വഴിവെച്ചിട്ടുണ്ട്.
വെള്ളിയാഴ്ച മാധ്യമങ്ങളോട് പ്രതികരിക്കവേ പാലക്കാട് ഓങ്ങല്ലൂർ, ലക്കിടി-പേരൂർ സ്വദേശികൾക്ക് കോളറ സംശയമുണ്ടായിരുന്നെങ്കിലും പരിശോധനയിൽ രോഗം സ്ഥിരീകരിച്ചിട്ടില്ലെന്നായിരുന്നു ഡിഎംഒ വ്യക്തമാക്കിയിരുന്നത്. വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഇരുവരുടെയും പരിശോധനാ ഫലം നെഗറ്റീവ് ആണെന്നും പിന്നീട് ആരോഗ്യവകുപ്പ് വ്യക്തമാക്കിയിരുന്നു.






