തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിൽ ബിജെപി ഭരണത്തിന് കീഴിൽ ഭരണസ്തംഭനം സംഭവിച്ചിരിക്കുകയാണെന്ന് മുൻ മന്ത്രിയും സിപിഎം സംസ്ഥാന സമിതി അംഗവുമായ വി. ശിവൻകുട്ടി ആരോപിച്ചു. നഗരസഭ ഓഫീസും അനുബന്ധ സ്ഥാപനങ്ങളും അഴിമതിയുടെ കേന്ദ്രങ്ങളായി മാറിയെന്നും അദ്ദേഹം പറഞ്ഞു.
തെരുവുവിളക്കുകൾ പ്രവർത്തിക്കാത്തത്, തെരുവുനായ ശല്യം, മാലിന്യ സംസ്കരണത്തിലെ വീഴ്ച, ക്ഷേമപദ്ധതികൾ തടസപ്പെടൽ തുടങ്ങിയ പ്രശ്നങ്ങൾ നഗരവാസികളെ ദുരിതത്തിലാക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. കാപ്പാ കേസിലെ പ്രതിയായ കൗൺസിലറെ സംരക്ഷിക്കാൻ ബിജെപി നേതൃത്വം ശ്രമിക്കുകയാണെന്നും, ഇതിനായി നിയമവിരുദ്ധ നടപടികൾ നടക്കുന്നതായും ശിവൻകുട്ടി വിമർശിച്ചു.
തിരുവനന്തപുരം കോർപ്പറേഷനിൽ അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്ന യുഡിഎഫിന്റെ പ്രഖ്യാപനവും അദ്ദേഹം വിമർശിച്ചു. അവിശ്വാസ പ്രമേയം പാസാക്കാൻ ആവശ്യമായ അംഗബലം യുഡിഎഫിന് ഇല്ലെന്ന് അറിയാമായിരുന്നിട്ടും, ബിജെപിയെ രക്ഷിക്കാനാണ് ഇത്തരമൊരു നീക്കം നടത്തുന്നതെന്ന് അദ്ദേഹം ആരോപിച്ചു.
ബിജെപിയും യുഡിഎഫും തമ്മിൽ ധാരണയുണ്ടെന്നും, എൽഡിഎഫ് നടത്തുന്ന സമരങ്ങളിൽ നിന്ന് ജനശ്രദ്ധ തിരിക്കാനാണ് ഇത്തരം നീക്കങ്ങളെന്നും ശിവൻകുട്ടി പറഞ്ഞു. കോർപ്പറേഷനിലെ ഭരണപ്രശ്നങ്ങൾ പരിഹരിക്കാൻ സംസ്ഥാന സർക്കാർ അടിയന്തരമായി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.






