ഇടുക്കി: കനത്ത മഴയും മണ്ണിടിച്ചിൽ ഭീഷണിയും കണക്കിലെടുത്ത് ഇടുക്കിയിൽ ജില്ലാ ഭരണകൂടം നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ജില്ലയിലെ മലയോര മേഖലകളിൽ രാത്രി യാത്രയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തി. വൈകിട്ട് ഏഴ് മുതൽ രാവിലെ ആറുവരെയാണ് നിയന്ത്രണം. അലർട്ട് പിൻവലിക്കുന്നതുവരെ ജില്ലയിലെ സാഹസിക വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചിടാനും നിർദേശം നൽകി.
മണ്ണിടിച്ചിൽ സാധ്യത കണക്കിലെടുത്ത് മൂന്നാറിലും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. പഴയ മൂന്നാറിൽ നിന്ന് വാഹനങ്ങൾ വഴിതിരിച്ചുവിടുകയാണ്. സിഎസ്ഐ പള്ളിക്ക് സമീപത്തുനിന്ന് ഗ്യാപ് റോഡിലൂടെ പ്രവേശിച്ച് പൊലീസ് സ്റ്റേഷന് സമീപമുള്ള പാലം കടന്നാണ് വാഹനങ്ങൾ ടൗണിലെത്തേണ്ടത്.
ഇടുക്കിയിൽ ഇടവിട്ട് മഴ തുടരുകയാണ്. അടിമാലി പഴമ്പള്ളിച്ചാലിൽ ഉരുൾപൊട്ടൽ സാധ്യത കണക്കിലെടുത്ത് അഞ്ച് കുടുംബങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിപ്പാർപ്പിച്ചു. കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ പലയിടത്തും മരങ്ങൾ വീണിട്ടുണ്ട്. അതേസമയം, അടിമാലി മേഖലയിൽ മഴയുടെ ശക്തി കുറഞ്ഞിട്ടുണ്ട്. നേര്യമംഗലം-വാളറ റോഡിലൂടെ യാത്ര ചെയ്യുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശം നൽകി.












