ന്യൂഡൽഹി: ഡൽഹി, ഹരിയാണ സംസ്ഥാനങ്ങളിൽ തണുപ്പ് വർധിച്ചതോടെ അന്തരീക്ഷവായു കൂടുതൽ മോശം അവസ്ഥയിലായി. കടുത്ത പുകമഞ്ഞും ജനജീവിതം ദുസ്സഹമാക്കിയിരിക്കുകയാണ്. ഹരിയാണയിലെ റോഹ്തക്കിൽ കനത്ത മൂടൽമഞ്ഞ് കാഴ്ച മറച്ചതിനെത്തുടർന്ന് ട്രക്കുകളും ബസുകളും ഉൾപ്പെടെ പന്ത്രണ്ടോളം വാഹനങ്ങൾ കൂട്ടിയിടിച്ച് വലിയ അപകടമുണ്ടായി.
ശനിയാഴ്ച റോഹ്തക്കിൽ, മെഹാം പ്രദേശത്തെ ഹൈവേയിലാണ് അപകടമുണ്ടായത്. പുകമഞ്ഞുമൂലം റോഡിലെ കാഴ്ച മങ്ങിയതിനേത്തുടർന്ന് ആദ്യം ട്രക്കും കാറും കൂട്ടിയിടിക്കുകയായിരുന്നു. തുടർന്ന് പുറകെയെത്തിയ ബസ് അടക്കമുള്ള വാഹനങ്ങൾ നിരനിരയായി കൂട്ടിയിടിച്ചു. അപകടത്തിൽ നൂറോളം ആളുകൾക്ക് പരിക്കേറ്റു. നിരവധി വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചാതായും റിപ്പോർട്ടുകളുണ്ട്. സംസ്ഥാനത്തെ ഹിസാറിലും റെവാരിയിലും ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഹരിയാനയിൽ കടുത്ത തണുപ്പ് അനുഭവപ്പെടുന്നുണ്ട്. മിക്ക ജില്ലകളിലും താപനില 4-6 ഡിഗ്രി സെൽഷ്യസിൽ തുടരുകയാണ്. കേന്ദ്ര കാലാവസ്ഥാ വകുപ്പ് സംസ്ഥാനത്തിന് കഴിഞ്ഞ ദിവസം ശീതതരംഗ മുന്നറിയിപ്പ് നൽകിയിരുന്നു. അപകടകരമായ റോഡ് സാഹചര്യങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകി. യാത്രക്കാർ ജാഗ്രത പാലിക്കാനും താഴ്ന്ന ബീം ഹെഡ്‌ലൈറ്റുകൾ ഉപയോഗിക്കാനും വാഹനമോടിക്കുമ്പോൾ അകലം പാലിക്കാനും നിർദേശമുണ്ടായിരുന്നു.




