തൃശ്ശൂർ: സഭാതർക്കം തുടരുന്ന ചാലിശ്ശേരിയിൽ, മഹാഭൂരിപക്ഷം വരുന്ന യാക്കോബായ വിശ്വാസികൾക്ക് മാതൃദേവാലയത്തിലെ സെമിത്തേരിയിൽ പ്രവേശിച്ച് പൂർവ്വികരുടെ കല്ലറകളിൽ പ്രാർത്ഥന നടത്താൻ കേരള ഹൈക്കോടതി അനുമതി നൽകി.
സഭ സകല മരിച്ചുപോയ വിശ്വാസികളുടെ ഓർമ്മ പുതുക്കുന്ന ആനീദേ ഞായറാഴ്ചയോടനുബന്ധിച്ചാണ് ഉത്തരവ്.വെള്ളിയാഴ്ച ഹർജി പരിഗണിച്ച ജസ്റ്റിസ് എൻ. നാഗരേഷ്, ഞായറാഴ്ച സെമിത്തേരിയിൽ പ്രവേശിച്ച് പ്രാർത്ഥന നടത്താനും കല്ലറകൾ വൃത്തിയാക്കാനും സംരക്ഷിക്കാനും പരിപാലിക്കാനും അനുവാദം നൽകുകയായിരുന്നു. വിശ്വാസികൾക്ക് തടസ്സമില്ലാതെ പ്രവേശനം ഉറപ്പാക്കാൻ ആവശ്യമായ പോലീസ് സംരക്ഷണം നൽകണമെന്ന് പാലക്കാട് ജില്ലാ പോലീസ് മേധാവിക്കും ബന്ധപ്പെട്ട സ്റ്റേഷൻ ഹൗസ് ഓഫീസർമാർക്കും കോടതി നിർദേശം നൽകി.
സഭാതർക്കത്തെ തുടർന്ന് 2020 ഓഗസ്റ്റ് 20ന് യാക്കോബായ വിശ്വാസികളെ പുറത്താക്കി പള്ളി പിടിച്ചെടുത്തതിനെ തുടർന്ന്, കഴിഞ്ഞ അഞ്ച് വർഷമായി ചാലിശ്ശേരിയിൽ മാത്രം കല്ലറകളിൽ എത്തി പ്രാർത്ഥിക്കാനും സംരക്ഷണ പ്രവർത്തനങ്ങൾ നടത്താനും കഴിയാത്തത് ഗുരുതരമായ അവകാശ ലംഘനമാണെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
സംസ്ഥാനത്ത് തർക്കം നിലനിൽക്കുന്ന മറ്റ് 58 പള്ളികളിൽ ഇത്തരമൊരു തടസ്സമില്ലാത്ത സാഹചര്യത്തിൽ, ചാലിശ്ശേരിയിലെ വിലക്ക് നീതിയുക്തമല്ലെന്നായിരുന്നു വാദം.ഇതിനിടെയാണ് ഹൈക്കോടതിയുടെ ഇടപെടൽ വിശ്വാസികൾക്ക് ആശ്വാസമായത്. ആനീദേ ഞായർ ദിനത്തിൽ പൂർവ്വികരുടെ കല്ലറകളിൽ പ്രാർത്ഥിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് യാക്കോബായ വിശ്വാസികൾ.




