എറണാകുളം: ഹൈറിച്ച് സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മുഖ്യപ്രതി കെ.ഡി. പ്രതാപന് അനുവദിച്ച ജാമ്യം ഹൈക്കോടതി റദ്ദാക്കി. ജാമ്യം അനുവദിക്കുമ്പോൾ പിഎംഎൽഎയിലെ വകുപ്പ് 45 പ്രകാരമുള്ള നിർബന്ധിത വ്യവസ്ഥകൾ പ്രത്യേക കോടതി പരിശോധിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയുടെ നടപടി.
പ്രതാപന്റെ ജാമ്യാപേക്ഷ ഇരുഭാഗത്തിന്റെയും വാദം കേട്ട് 60 ദിവസത്തിനകം വീണ്ടും പരിഗണിക്കാനും ഹൈക്കോടതി പ്രത്യേക കോടതിക്ക് നിർദേശം നൽകി. അതേസമയം, പുതിയ ഉത്തരവ് ഉണ്ടാകുന്നതുവരെ നിലവിലെ വ്യവസ്ഥകളുടെ അടിസ്ഥാനത്തിൽ പ്രതാപന് ജാമ്യത്തിൽ തുടരാമെന്നും കോടതി വ്യക്തമാക്കി.
എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ ഇടപെടൽ. പിഎംഎൽഎ വകുപ്പ് 45 പ്രകാരം ജാമ്യം അനുവദിക്കുന്നതിന് മുൻപ് രണ്ട് പ്രധാന കാര്യങ്ങൾ കോടതി പരിശോധിക്കണം. പ്രതി കുറ്റക്കാരനല്ലെന്ന് വിശ്വസിക്കാൻ തക്ക കാരണമുണ്ടോ എന്നതും, ജാമ്യത്തിൽ പുറത്തിറങ്ങിയാൽ സമാനമായ കുറ്റകൃത്യങ്ങളിൽ വീണ്ടും ഏർപ്പെടില്ലെന്ന് ഉറപ്പാക്കാനാകുമോ എന്നതുമാണ് പരിശോധിക്കേണ്ടത്.
എന്നാൽ ഈ വ്യവസ്ഥകൾ പരിഗണിക്കാതെയാണ് പ്രത്യേക കോടതി ജാമ്യം അനുവദിച്ചതെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. 15 മാസത്തിലധികമായി പ്രതി തടവിൽ കഴിയുകയാണെന്നും വിചാരണ ഉടൻ ആരംഭിക്കാൻ സാധ്യതയില്ലെന്നും ചൂണ്ടിക്കാട്ടിയാണ് 2025 നവംബറിൽ പ്രത്യേക കോടതി ജാമ്യം അനുവദിച്ചത്.
ഇന്ത്യൻ ശിക്ഷാ നിയമം, പ്രൈസ് ചിറ്റ്സ് ആൻഡ് മണി സർക്കുലേഷൻ ആക്ട് എന്നിവ പ്രകാരം വിവിധ പൊലീസ് സ്റ്റേഷനുകളിലായി പ്രതാപനെതിരെ 15 കേസുകൾ നിലവിലുണ്ടെന്ന് ഇഡി കോടതിയെ അറിയിച്ചു. ഇതിൽ മൂന്ന് കേസുകളിൽ പ്രതാപൻ ശിക്ഷിക്കപ്പെട്ടിട്ടുണ്ടെന്നും അന്വേഷണ ഏജൻസി ചൂണ്ടിക്കാട്ടി.
മുൻകാലങ്ങളിൽ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിട്ടുള്ള ഒരാൾ ജാമ്യത്തിൽ പുറത്തിറങ്ങിയാൽ വീണ്ടും സമാനമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെടാനുള്ള സാധ്യത പരിഗണിക്കേണ്ടതുണ്ടെന്നും ഹൈക്കോടതി നിരീക്ഷിച്ചു.




