പത്തനംതിട്ട: മദ്യപിച്ച് ബൈക്കോടിച്ച് രോഗിയുമായി പോയ ആംബുലൻസിൽ ഇടിച്ച സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ. തണ്ണിത്തോട് പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ (സിപിഒ) പ്രവീൺ കുമാറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
തിങ്കളാഴ്ച രാത്രി പത്തനംതിട്ട കോന്നി കൊന്നപ്പാറയിലാണ് അപകടമുണ്ടായത്. മദ്യപിച്ച് ബൈക്കോടിച്ച പ്രവീൺ കുമാർ റോഡിൽ നിർത്തിയിട്ടിരുന്ന ആംബുലൻസിൽ ഇടിക്കുകയായിരുന്നു. നട്ടെല്ലിന് ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുമായി വീട്ടിലേക്ക് മടങ്ങുകയായിരുന്ന ആംബുലൻസിലാണ് ബൈക്ക് ഇടിച്ചത്. പൊലീസ് സ്റ്റേഷനിലേക്ക് പോകുന്നതിനിടെയാണ് പ്രവീൺ കുമാറിന്റെ ബൈക്ക് അപകടത്തിൽപ്പെട്ടത്. അപകടത്തിന് പിന്നാലെ നാട്ടുകാർ പ്രവീൺ കുമാറിനെ തടഞ്ഞുവെച്ച് പൊലീസിന് കൈമാറുകയായിരുന്നു. സംഭവത്തിൽ പൊലീസ് തുടർനടപടികൾ സ്വീകരിച്ചു.




