എച്ച്.ഐ.വി അഥവാ ഹ്യൂമന്‍ ഇമ്മ്യൂണോ ഡെഫിഷ്യന്‍സി വൈറസ് ബാധ തടയാനുള്ള പുതിയ മരുന്ന് അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ നൂറിലധികം ദരിദ്ര രാജ്യങ്ങളില്‍ കുറഞ്ഞ വിലയില്‍ ലഭ്യമാകും. ക്ലിന്റണ്‍ ഹെല്‍ത്ത് ആക്‌സസ് ഇനിഷ്യേറ്റീവ്, ഗേറ്റ്‌സ് ഫൗണ്ടേഷന്‍, സൗത്ത് ആഫ്രിക്കന്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്, വിറ്റ്‌സ് ആര്‍.എച്ച്.ഐ (Wits RHI) എന്നിവ ഉള്‍പ്പെടെയുള്ള സംഘടനകളാണ് ഈ കരാറിന് പിന്നില്‍. കുത്തി വയ്പ്പായി നല്‍കാന്‍ സാധിക്കുന്ന ‘ലെനാകപാവിര്‍’ (Lenacapavir) എന്ന ഈ മരുന്ന് ഈ വര്‍ഷം അവസാനത്തോടെ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഈ മരുന്ന് കുറഞ്ഞ വിലയില്‍ ലക്ഷക്കണക്കിന് ആളുകള്‍ക്ക് ലഭ്യമാക്കുന്നത് എച്ച്.ഐ.വി. / എയ്ഡ്സ് മഹാമാരിക്ക് അറുതി വരുത്തുന്നതിന് സഹായകരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവില്‍ ഇതിന് ഒരു വര്‍ഷത്തേക്ക് ഒരാള്‍ക്ക് ഏകദേശം 28,000 ഡോളറാണ് (ഏകദേശം 23 ലക്ഷം രൂപ) വില വരുന്നത്. എന്നാല്‍ കഴിഞ്ഞ ബുധനാഴ്ച പ്രഖ്യാപിച്ച പുതിയ കരാറോടെ ഇതിന്റെ വില വെറും 40 ഡോളറായി (ഏകദേശം 3,300 രൂപ) കുറയും. അതായത്, യഥാര്‍ത്ഥ വിലയുടെ ഏകദേശം 0.1% മാത്രം. കുറഞ്ഞ വിലയിലുള്ള ഈ മരുന്ന് 2027-ഓടെ 120-ഓളം ദരിദ്ര, ഇടത്തരം രാജ്യങ്ങളില്‍ ലഭ്യമാക്കും. എച്ച്.ഐ.വി. വൈറസ് കോശങ്ങള്‍ക്കുള്ളില്‍ പെരുകുന്നത് തടയാന്‍ ഈ മരുന്നിനെ സാധിക്കുമെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്.
എച്ച്.ഐ.വി. പ്രതിരോധ മരുന്ന് താങ്ങാനാവുന്ന വിലയില്‍ ലഭ്യമാക്കുക എന്നത് പല ദരിദ്ര, ഇടത്തരം രാജ്യങ്ങളെ സംബന്ധിച്ച ആഡംബരമല്ല മറിച്ച് ആവശ്യകതയാണെണെന്ന് വിറ്റ്‌സ് ആര്‍.എച്ച്.ഐ.യിലെ പ്രൊഫസര്‍ സായിഖ മുല്ലിക്ക് പറഞ്ഞു. സമൂഹവും സര്‍ക്കാരുകളുമായും സഹകരിച്ച് ഈ മരുന്നിന് ആവശ്യകത സൃഷ്ടിക്കുകയും രാജ്യങ്ങളില്‍ വേഗത്തില്‍ മരുന്ന് ലഭ്യമാക്കാനുള്ള സജീകരണ പ്രവര്‍ത്തങ്ങളാണ് ഇനി വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.




