മുംബൈ: പ്രശസ്ത ഗായിക ആശാ ഭോസ്‌ലേയെ ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 92 വയസ്സുള്ള ഗായികയ്ക്ക് കടുത്ത ക്ഷീണവും നെഞ്ചിലെ അണുബാധയും കണ്ടെത്തിയതിനെ തുടർന്നാണ് ആശുപത്രിയിൽ എത്തിച്ചത്. ഗായികയുടെ ആരോഗ്യവിവരം കൊച്ചുമകളായ ഗായിക സനായി ഭോസ്‌ലേ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചു. ചികിത്സ തുടരുകയാണെന്നും എല്ലാം ശുഭകരമായി നടക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അവർ അറിയിച്ചു.
“എന്റെ മുത്തശ്ശി ആശാ ഭോസ്‌ലേ കടുത്ത ക്ഷീണവും നെഞ്ചിലെ അണുബാധയും കാരണം ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടിരിക്കുകയാണ്. ചികിത്സ നടന്നുകൊണ്ടിരിക്കുന്നു. എല്ലാം സുഖപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു” എന്ന് സനായി എക്സിൽ കുറിച്ചു.
ആശുപത്രി അധികൃതരുടെ പ്രാഥമിക റിപ്പോർട്ടിൽ ഹൃദയാഘാതത്തെ തുടർന്നാണ് ഗായികയെ പ്രവേശിപ്പിച്ചതെന്ന് വ്യക്തമാക്കുന്നു. ഇപ്പോൾ എമർജൻസി മെഡിക്കൽ സർവീസസ് യൂണിറ്റിൽ ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ് അവർ. ബോളിവുഡ് സംഗീത ലോകത്തിലെ പ്രമുഖ ഗായികയായ ആശാ ഭോസ്‌ലേ, ഇരുപതിലധികം ഭാഷകളിലായി ആയിരക്കണക്കിന് ഗാനങ്ങൾ ആലപിച്ചിട്ടുള്ള വ്യക്തിയാണ്. ലതാ മങ്കേഷ്‌കർ, മുഹമ്മദ് റാഫി, കിഷോർ കുമാർ എന്നിവരോടൊപ്പം ഇന്ത്യൻ സംഗീതത്തിന്റെ സുവർണ്ണകാലഘട്ടത്തിൽ അവർ പ്രധാന പങ്കുവഹിച്ചു.
അതേസമയം, സനായി ഭോസ്‌ലേ സംഗീതത്തിലും അഭിനയത്തിലും സജീവമാണ്. എ.ആർ. റഹ്മാൻ ഉൾപ്പെടെയുള്ള പ്രമുഖർക്കൊപ്പം പ്രവർത്തിച്ചിട്ടുള്ള അവർ പുതിയ സിനിമയിലും അരങ്ങേറ്റത്തിനായി തയ്യാറെടുക്കുകയാണ്.




