കാസർകോട്: ഭക്ഷണം ലഭിക്കാൻ വൈകിയതിനെ തുടർന്ന് തൃക്കരിപ്പൂരിലെ ഹോട്ടലിൽ യുവാക്കൾ ആക്രമണം നടത്തി. ഫ്രൈഡ് ചിക്കൻ ആവശ്യപ്പെട്ടെത്തിയ യുവാക്കൾക്ക്, വിഭവം തയ്യാറാകാൻ കുറച്ച് സമയം ആവശ്യമുണ്ടെന്ന് ഹോട്ടൽ ജീവനക്കാർ അറിയിച്ചു. 20 മിനിറ്റ് സമയം ആവശ്യപ്പെട്ടപ്പോൾ യുവാക്കൾ അതിന് സമ്മതിച്ചതായി ഹോട്ടൽ ഉടമ വ്യക്തമാക്കി. എന്നാൽ 15 മിനിറ്റ് കഴിഞ്ഞതോടെ യുവാക്കൾ അസ്വസ്ഥത പ്രകടിപ്പിച്ച് പ്രശ്നമുണ്ടാക്കാൻ തുടങ്ങിയതായാണ് പരാതി.
വാക്കുതർക്കം രൂക്ഷമായതിനെ തുടർന്ന് ഹോട്ടൽ ഉടമ പൊലീസിനെ വിവരം അറിയിച്ചു. പൊലീസ് സ്ഥലത്തെത്തി യുവാക്കളെ കസ്റ്റഡിയിലെടുത്തെങ്കിലും പിന്നീട് വിട്ടയച്ചു. എന്നാൽ വിട്ടയച്ച ശേഷം യുവാക്കൾ തിരിച്ചെത്തി ഹോട്ടൽ തല്ലി തകർക്കുകയായിരുന്നുവെന്നാണ് ആരോപണം. പയ്യന്നൂർ സ്വദേശികളായ ചിലരുടെ നേതൃത്വത്തിലാണ് ആക്രമണം നടന്നതെന്ന് ഹോട്ടൽ ഉടമ പറഞ്ഞു. സംഭവത്തിൽ ചന്തേര പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.




