ആദ്യം ജി സുധാകരന്, പിന്നെ പികെ ശശി… തെരഞ്ഞെടുപ്പ് മൂക്കിന് തുമ്പിലെത്തി നില്‍ക്കെ കാലുമാറുന്ന നേതാക്കള്‍ സിപിഎമ്മിന് തെല്ലൊരു ക്ഷീണം നല്‍കുകയാണ്. സുധാകരന്റേത് വിമത ശബ്ദമാണെങ്കില്‍ പികെ ശശിയുടേത് കാല് മാറ്റം തന്നെയാണ്. എങ്കിലും പാര്‍ട്ടിക്കുള്ളില്‍ കാലങ്ങളേറെയായി അനഭിമതരായ, നേതാക്കള്‍ക്കിടയിലും പ്രവര്‍ത്തകര്‍ക്കിടയിലും വലിയ സ്വാധീനമില്ലാത്ത ഇരുവരുടേയും ചുവടുമാറ്റം സിപിഎമ്മിനെ അത്രകണ്ട് ബാധിക്കാനിടയില്ല എന്നതാണ് യാഥാര്‍ത്ഥ്യം. അതും ലൈംഗീകാരോപണങ്ങളടക്കം നേരിട്ടിട്ടുള്ള ശശിയുടെ പോക്ക് ഒരുപക്ഷേ പഞ്ചാബി ഹൗസിലെ കൊച്ചിന് ഹനീഫയുടെ കഥാപാത്രം തിരിഞ്ഞു നടക്കുമ്പോള്‍ മനസില്‍ പറയുന്ന ഡയലോഗ് പോലെയാകും സിപിഎം നേതാക്കള്‍ കാണുന്നത്. ഏറെ നാളായി സിപിഎം നേതൃത്വവുമായി അകല്‍ച്ചയിലായിരുന്ന ശശി, കെടിഡിസി ചെയര്മാന് സ്ഥാനം രാജിവച്ചതിന് പിന്നാലെയാണ് ഔദ്യോഗികമായി പാര്‍ട്ടിയില്‍ നിന്ന് പുറത്തുപോയത്.
പാലക്കാട് സിപിഎമ്മിനെ വെട്ടി യുഡിഎഫ് സ്ഥാനാര്‍ത്ഥിയാവാന്‍ ഉറപ്പിച്ചാണ് പികെ ശശിയുടെ നീക്കം. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒറ്റപ്പാലത്ത് യുഡിഎഫിനായി കളത്തിലിറങ്ങുമെന്നാണ് നിലവിലെ വാര്‍ത്തകള്‍. ഒറ്റപ്പാലത്ത് യുഡിഎഫ് പിന്തുണയോടെ സിപിഎം വിമതരുടെ കൂട്ടായ്മ രൂപീകരിക്കുന്ന പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനാണ് ശശിയുടെ തീരുമാനം. ഈ സിപിഎം വിമതരുടെ കണ്വെന്ഷന് ഉദ്ഘാടനം ചെയ്താണ് ശശി തന്റെ നിലപാട് പരസ്യമാക്കിയത്. നിലവിലെ അസംതൃപ്തരായ അഞ്ച് ജില്ലാ കമ്മിറ്റി അംഗങ്ങളും ഈ വിമതര്‍ക്കൊപ്പമുണ്ട്. പാലക്കാട് ജില്ലയില്‍ മണ്ണാര്‍ക്കാട്, കൊഴിഞ്ഞാമ്പാറ തുടങ്ങിയ വിവിധയിടങ്ങളില്‍ നിന്ന് പലപ്പോഴായി സിപിഎം പുറത്താക്കിയവരും പാര്‍ട്ടി വിട്ടവരും ഒത്തുകൂടിയാണ് കണ്വെന്ഷന് നടത്തിയത്.
തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് സഹായം തേടി ഒറ്റപ്പാലം മണ്ഡലത്തിലെ യുഡിഎഫ് നേതാക്കളെ സമീപിച്ചിരിക്കുകയാണ് പികെ ശശി. യുഡിഎഫ് നേതാക്കളുമായി നടത്തിയ ചര്‍ച്ചയ്ക്ക് പിന്നാലെയാണ് തെരഞ്ഞെടുപ്പില്‍ സഹായം തേടി ശശി കോണ്‍ഗ്രസ് – മുസ്ലീം ലീഗ് നേതാക്കളേയും സമീപിച്ചത്. ഏറെക്കാലമായി സിപിഎമ്മിനോട് ഇടഞ്ഞുനിന്നിരുന്ന പികെ ശശി ഒറ്റപ്പാലത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയാവുമെന്ന് സൂചനകള്‍ നേരത്തേതന്നെ ചര്‍ച്ചാവിഷയമാണ്.
പക്ഷേ ഇരുകയ്യും നീട്ടിയല്ല കോണ്‍ഗ്രസിലെ എല്ലാ പ്രവര്‍ത്തകരും പികെ ശശിയെ സ്വീകരിക്കുന്നത്. ശശി യുഡിഎഫില്‍ എത്തിയാലും ഒറ്റപ്പാലത്ത് സ്ഥാനാര്‍ത്ഥിയാക്കരുതെന്നാണ് ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ കെപിസിസിയെ അറിയിച്ചത്. ലൈംഗീകാതിക്രമ ആരോപണങ്ങള്‍ നേരിടുന്ന കാലത്ത് ശശിക്കെതിരെ വലിയ രീതിയില്‍ പ്രതിഷേധിച്ചവര്‍ തന്നെ പിന്നീടെങ്ങനെ അതേ ആള്‍ക്ക് വേണ്ടി വോട്ട് ചോദിച്ച് ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങുമെന്നാണ് ഇവര്‍ ചോദിക്കുന്ന ചോദ്യം. 2021ല്‍ സ്ഥാനാര്‍ത്ഥിത്വം നല്‍കാതെ സിപിഎം പോലും മാറ്റിനിര്‍ത്തിയ ഒരാളെ തങ്ങളുടെ ബാനറില്‍ രംഗത്തിറക്കുന്നതിലെ ഒചിത്യമില്ലായ്മ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിക്കുന്നു. പകരം മണ്ഡലത്തില്‍ പ്രവര്‍ത്തിച്ച് പരിചയമുള്ള കോണ്‍ഗ്രസ് നേതാവ് ഹരിഗോവിന്ദനെയോ, യൂത്ത് കോണ്‍ഗ്രസ് നേതാവ് ഒകെ ഫാറൂഖിനെയോ ഒറ്റപ്പാലത്ത് പരിഗണിക്കണമെന്നാണ് ഇവരുടെ ആവശ്യം.
ഇനി കുറച്ച് പുറകിലേക്ക് പോകാം. 2018ല്‍ ലൈംഗികാതിക്രമ പരാതിയെ തുടര്‍ന്നു അന്നത്തെ ഷൊര്‍ണൂര്‍ എംഎല്‍എ ആയിരുന്ന പി.കെ.ശശിയെ ആറു മാസത്തേക്ക് സിപിഎം സസ്പെന്‍ഡു ചെയ്തിരുന്നു. ഡിവൈഎഫ്ഐ പാലക്കാട് ജില്ലാ കമ്മറ്റി അംഗമായ യുവതി നല്കിയ പരാതിയിലാണ് നടപടി. ശശിക്കെതിരെ നടപടി വേണമെന്ന് പരാതി അന്വേഷിച്ച എ.കെ.ബാലന് – പി.കെ.ശ്രീമതി കമ്മിഷന് കണ്ടെത്തിയിരുന്നു. സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റ് അംഗവും എംഎല്‍എയുമായ പി.കെ. ശശി ഒരു പാര്‍ട്ടി പ്രവര്‍ത്തകയോട് പാര്‍ട്ടി നേതാവിനു യോജിക്കാത്ത വിധം സംഭാഷണം നടത്തിയതായി കണ്ടെത്തിയതിനെത്തുടര്‍ന്ന് സസ്പെന്‍ഡ് ചെയ്യുന്നു എന്നാണ് അന്ന് പാര്‍ട്ടി ഇറക്കിയ ഔദ്യോഗിക കുറിപ്പില്‍ പറഞ്ഞിരുന്നത്. അതിന് പിന്നാലെയാണ് തൊട്ടടുത്ത തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് ശശിയെ സിപിഎം മാറ്റിയത്.
ഒറ്റപ്പാലം, ഷൊര്‍ണൂര്‍ മേഖലകളില്‍ പ്രാദേശിക സ്വാധിനമുള്ള നേതാവെന്ന് കാണാമെങ്കിലും ശശിയുടെ ഇത്തരത്തിലൊരു ട്രാക്ക് റെക്കോര്‍ഡ് കോണ്‍ഗ്രസിനെ തിരിഞ്ഞു കൊത്താനും സാധ്യതയുണ്ടെന്നാണ് ഈ നീക്കത്തിനെതിരെ രംഗത്ത് വരുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉന്നയിക്കുന്നത്. ഇടതുപക്ഷത്തിന്റെ ഉറച്ച വോട്ടുകള്‍ മറിക്കാന്‍ മാത്രം കരുത്തനോ നിക്ഷ്പക്ഷരുടെ വോട്ടുകള്‍ നേടാന്‍ മാത്രം ജനകീയനോ അല്ലാത്തൊരാള്‍ എത്രമാത്രം ഇംപാക്ട് തെരഞ്ഞെടുപ്പില്‍ ഉണ്ടാക്കുമെന്നതില്‍ സംശയമാണ്. അതുപോലെ ജി സുധാകരന് തൊട്ടു പിന്നാലെ ശശിയും ഇറങ്ങി എന്നതിലെ ചെറിയ തിരിച്ചടി ഒഴിച്ചു നിര്‍ത്തിയാല്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഇരുവരുടേയും പ്രത്യേകിച്ച് ശശിയുടേയും ചുവടുമാറ്റം സിപിഎമ്മിനേയും ഇടതുപക്ഷത്തേയും കാര്യമായി ബാധിക്കാനിടയില്ലെന്ന് തന്നെയാണ് നിരീക്ഷകരുടെ വിലയിരുത്തല്‍.






