കൊല്ലം: യുഡിഎഫിന് ഭൂരിപക്ഷം ലഭിച്ചാൽ അഞ്ചു മിനിറ്റിനുള്ളിൽ മുഖ്യമന്ത്രിയെ തീരുമാനിക്കുമെന്ന് കെപിസിസി വർക്കിംഗ് പ്രസിഡന്റ് പി.സി. വിഷ്‌ണുനാഥ് പറഞ്ഞു. അരമണിക്കൂർ ചർച്ചചെയ്യാനുള്ള അവസരം പോലും മാദ്ധ്യമങ്ങൾക്ക് നൽകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഉയർന്ന പോളിംഗ് ശതമാനം രേഖപ്പെടുത്തിയതിനെക്കുറിച്ച് പ്രതികരിച്ച അദ്ദേഹം, അത് എസ്.ഐ.ആർ കാരണം അല്ലെന്നും ജനങ്ങൾ ഭരണമാറ്റം ആഗ്രഹിക്കുന്നതിന്റെ സൂചനയാണെന്നും വ്യക്തമാക്കി. ഭരണവിരുദ്ധ വികാരം വ്യക്തമായി പ്രകടമായതായി വിഷ്‌ണുനാഥ് പറഞ്ഞു. യുഡിഎഫ് അധികാരത്തിലെത്തുമെന്ന ആത്മവിശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചു. കുണ്ടറ മണ്ഡലത്തിൽ കഴിഞ്ഞതിലധികം ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും വിഷ്‌ണുനാഥ് കൂട്ടിച്ചേർത്തു.




