കൊച്ചി: ഡ്രൈഡേയിൽ നഗരത്തിൽ കാറിൽ അനധികൃതമായി മദ്യവിൽപ്പന നടത്തിയ യുവാവിനെ എറണാകുളം സെൻട്രൽ പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ പുന്നപ്ര ചക്കിട്ടപറമ്പിൽ സ്വദേശിയായ ശുഹൈബ് (39) ആണ് പിടിയിലായത്. സിനിമാ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഇയാൾ മുമ്പ് കഞ്ചാവ് കേസിലും പ്രതിയായിരുന്നുവെന്ന് പോലീസ് അറിയിച്ചു.
പ്രതിയിൽ നിന്ന് വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 70-ലധികം കുപ്പി ഇന്ത്യൻ നിർമിത വിദേശമദ്യം (ഏകദേശം 40 ലിറ്റർ) കൂടാതെ 48 ബോട്ടിൽ ബിയർ (31.2 ലിറ്റർ)യും പോലീസ് പിടിച്ചെടുത്തു.
സംസ്ഥാന വ്യാപകമായി നടപ്പാക്കുന്ന ‘ഓപ്പറേഷൻ തൂഫാൻ’ പരിശോധനയുടെ ഭാഗമായി ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് നടപടി. എറണാകുളം സെൻട്രൽ അസിസ്റ്റന്റ് പോലീസ് കമ്മിഷണർക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ സെൻട്രൽ ഇൻസ്പെക്ടർ എം.ജെ. ജിജോയുടെ നേതൃത്വത്തിൽ പരിശോധന ശക്തമാക്കുകയായിരുന്നു.
തുടർന്ന് മഹാരാജാസ് കോളേജ് ഗ്രൗണ്ടിന് സമീപത്തെ പി.ടി. ഉഷ റോഡിൽ പട്രോളിങ് നടത്തുകയായിരുന്ന എസ്.ഐമാരായ രാംലാൽ, സർജു, രാജേഷ് ചെല്ലപ്പൻ എന്നിവരടങ്ങിയ പോലീസ് സംഘം കാർ സഹിതം പ്രതിയെ കസ്റ്റഡിയിലെടുക്കുകയും അനധികൃതമായി കടത്തിക്കൊണ്ടുപോയ മദ്യശേഖരം പിടിച്ചെടുക്കുകയും ചെയ്തു.






