തിരുവനന്തപുരം: ആസൂത്രണ ബോര്‍ഡിലെ ഉന്നത പരീക്ഷയില്‍ ക്രമക്കേട് നടന്നതായി ആരോപിച്ച് ഉദ്യോഗാര്‍ഥികള്‍. പിഎസ്‌സി നടത്തിയ ചീഫ് ഇന്‍ഡസ്ട്രീസ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ പരീക്ഷയുമായി ബന്ധപ്പെട്ടാണ് പരാതി ഉയര്‍ന്നത്.
ഉത്തരക്കടലാസുകള്‍ പൂര്‍ണമായി പരിശോധിച്ചിട്ടില്ലെന്നും പത്തിലേറെ ചോദ്യങ്ങളുടെ ഉത്തരങ്ങള്‍ക്ക് മാര്‍ക്ക് നല്‍കിയിട്ടില്ലെന്നും ഉദ്യോഗാര്‍ഥികള്‍ ആരോപിക്കുന്നു. മാര്‍ക്ക് വ്യക്തമാക്കാതെയാണ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചതെന്നും, അഭിമുഖത്തിലും എഴുത്തുപരീക്ഷയിലുമുള്ള മാര്‍ക്കുകള്‍ ഉദ്യോഗാര്‍ഥികള്‍ക്ക് നല്‍കിയില്ലെന്നും പരാതിയില്‍ പറയുന്നു.
വിവരാവകാശ നിയമപ്രകാരം അപേക്ഷിച്ചിട്ടും ഉത്തരക്കടലാസ് ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് ഉദ്യോഗാര്‍ഥികള്‍ക്ക് ഒരു വര്‍ഷത്തോളം കാത്തിരിക്കേണ്ടിവന്നതായും ആരോപണം ഉണ്ട്. ഒടുവില്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിക്കുകയായിരുന്നു.
റാങ്ക് പട്ടിക പ്രസിദ്ധീകരിച്ച് മൂന്ന് ആഴ്ചയ്ക്കുള്ളില്‍ നിയമന ശുപാര്‍ശ നല്‍കിയതും പിഴവുകള്‍ തിരുത്താതെ നടന്നതുമാണ് മറ്റൊരു ആരോപണം. ഒന്നാം റാങ്ക് ഇടത് അനുകൂല സംഘടനയിലെ അംഗത്തിനാണെന്നും ഉദ്യോഗാര്‍ഥികള്‍ പറയുന്നു. ഇതുമായി ബന്ധപ്പെട്ട് മൂന്ന് ആഴ്ചയ്ക്കുള്ളില്‍ മറുപടി നല്‍കണമെന്ന് ആവശ്യപ്പെട്ട് പിഎസ്‌സിക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്.






