പത്തനംതിട്ട: യാത്രക്കാരെ അനുവദനീയ പരിധിയിലധികം കയറ്റി ഗവിയിലേക്ക് കെഎസ്ആർടിസിയുടെ ‘പ്രിയദർശിനി’ സൗജന്യ സർവീസ് നടത്തുന്നതായി പരാതി. ശേഷിയേക്കാൾ മൂന്നിരട്ടി യാത്രക്കാരുമായാണ് ബസ് സർവീസ് നടത്തുന്നതെന്നാണ് സ്ഥിരം യാത്രക്കാരും നാട്ടുകാരും ആരോപിക്കുന്നത്. അപകടകരമായ വനപാതയിലൂടെ അമിതയാത്രക്കാരുമായി സർവീസ് നടത്തുന്നത് വലിയ സുരക്ഷാ ഭീഷണിയാണെന്ന ആശങ്കയും ഉയരുന്നുണ്ട്.
ഗവിയിലേക്കുള്ള റോഡ് കുത്തനെയുള്ള വളവുകളും ഇടുങ്ങിയ ഭാഗങ്ങളും നിറഞ്ഞതാണ്. മഴക്കാലമായതിനാൽ പല ഭാഗങ്ങളിലും റോഡിന്റെ അവസ്ഥ മോശമായിട്ടുണ്ട്. കൂടാതെ, വനമേഖലയായതിനാൽ ഭൂരിഭാഗം സ്ഥലങ്ങളിലും മൊബൈൽ ഫോൺ ശൃംഖല ലഭ്യമല്ല. അടിയന്തര സാഹചര്യം ഉണ്ടായാൽ രക്ഷാപ്രവർത്തനങ്ങൾക്കും ഇത് വെല്ലുവിളിയാകുമെന്നാണ് ചൂണ്ടിക്കാട്ടുന്നത്.
സൗജന്യ യാത്രാ പദ്ധതിയുടെ ഭാഗമായി സ്ത്രീകളുടെ യാത്ര വർധിച്ചതോടെ ചില സർവീസുകളിൽ നൂറിലധികം യാത്രക്കാരാണ് ബസിൽ കയറുന്നതെന്ന് പരാതിയുണ്ട്. ബസിൽ നിൽക്കാൻ പോലും ഇടമില്ലാത്ത സാഹചര്യമാണെന്ന് പ്രദേശവാസികളും സ്ഥിരം യാത്രക്കാരും പറയുന്നു. യാത്രക്കാരുടെ എണ്ണം നിയന്ത്രിക്കുകയോ സർവീസുകളുടെ എണ്ണം വർധിപ്പിക്കുകയോ ചെയ്യണമെന്നാണ് ഇവരുടെ ആവശ്യം.
നിലവിൽ പത്തനംതിട്ടയിൽ നിന്ന് ഗവിയിലേക്ക് പ്രതിദിനം രണ്ട് കെഎസ്ആർടിസി സർവീസുകളാണ് നടത്തുന്നത്. പുലർച്ചെ 5.30-നും 6.30-നും പുറപ്പെടുന്ന ഈ സർവീസുകൾക്ക് വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. യാത്രക്കാരുടെ വർധിച്ച ആവശ്യകത പരിഗണിച്ച് കൂടുതൽ ട്രിപ്പുകൾ അനുവദിക്കണമെന്ന ആവശ്യവും ശക്തമാകുകയാണ്.
സ്ത്രീകൾക്കും ട്രാൻസ്‌വുമൺസിനും കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്ര അനുവദിക്കുന്ന പദ്ധതിയാണ് ‘പ്രിയദർശിനി’. ഈ പദ്ധതിയിൽ യാത്ര ചെയ്യാൻ തിരിച്ചറിയൽ കാർഡോ മുൻകൂർ രജിസ്ട്രേഷനോ ആവശ്യമില്ല. പ്രായപരിധിയും ബാധകമല്ല. പദ്ധതിയുടെ ഭാഗമായി വിദ്യാർഥിനികൾക്കും ഓർഡിനറി ബസുകളിൽ കൺസെഷൻ ടിക്കറ്റിന് പകരം സൗജന്യമായി യാത്ര ചെയ്യാം. സൗജന്യ യാത്ര അനുവദിക്കുന്ന ബസുകളിൽ ‘പ്രിയദർശിനി സ്ത്രീ സൗജന്യ യാത്ര’ എന്ന ബോർഡ് പ്രദർശിപ്പിച്ചിട്ടുണ്ടാകും.






