തിരുവനന്തപുരം: നെയ്യാറ്റിൻകര വ്ലത്താങ്കരയിൽ ഭാര്യയെ ഭർത്താവ് കുത്തിക്കൊന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. യുവതി മരിച്ചത് കഴുത്തിന് പിന്നിൽ കുത്തേറ്റ്. അൽമയാണ് മരണപ്പെട്ടത്. 33 വയസ്സായിരുന്നു. ഇന്ന് രാവിലെ ഒമ്പതു മണിയോടുകൂടിയാണ് കേസിനാസ്പദമായ സംഭവം. അൽമയെ കുത്തി കൊലപ്പെടുത്തിയ ശേഷം ഭർത്താവ് വിഷ്ണു അഭിഭാഷകനായ സഹോദരന്‍റെ വീട്ടിലെത്തി വിവരം പറഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്. ഉടൻ തന്നെ പാറശാല പൊലീസിനെ വിവരമറിയിച്ചു. പോലീസ് എത്തുമ്പോൾ ബെഡ്റൂമിൽ രക്തത്തിൽ കുളിച്ച് കിടക്കുന്ന അൽമയെ കാണുകയായിരുന്നു. സംഭവത്തിന് പിന്നാലെ വിഷ്ണുവിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും കുറ്റസമ്മതം നടത്തിയതോടെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. പിഎസ്‌സി ട്രെയിനിങ് സെന്‍ററിലെ അധ്യാപകനാണ് വിഷ്ണു.




