തൃശൂര്‍: കോടാലിയില്‍ പാമ്പുകടിയേറ്റ് മരിച്ച കുട്ടിയുടെ വീടിന്റെ പരിസരത്ത് തീയിട്ട് വനംവകുപ്പ്. ആല്‍ജോയുടെ മൃതദേഹം ഇന്നലെ വീട്ടിലേക്ക് കൊണ്ടുവന്നപ്പോള്‍ വീണ്ടും പാമ്പിനെ കണ്ടിരുന്നു. ഇതിനെ തുടർന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ വീട്ടിലെത്തി പരിസരത്ത് തീയിട്ടത്. തൃശൂര്‍ കോടാലി സ്വദേശികളായ സില്‍ജോ, ജോണ്‍സി ദമ്പതികളുടെ രണ്ടു മക്കള്‍ക്കാണ് കിടപ്പുമുറിയില്‍ വെച്ച് തലയിണയ്ക്കുള്ളിലായിരുന്ന പാമ്പിന്റെ കടിയേറ്റത്. ആല്‍ജോയുടെ സഹോദരൻ അനോഷ് നിലവിൽ ചികിത്സയിലാണ്. കഴിഞ്ഞ ദിവസമാണ് ഇരുവരെയും പാമ്പ് കടിച്ചത്. ആശുപത്രിയില്‍ എത്തുമ്പോഴേക്കും അല്‍ജോ മരിച്ചിരുന്നു. ഭക്ഷ്യ വിഷബാധയേറ്റതെന്നാണ് ആദ്യം വിചാരിച്ചത്. പിന്നീടാണ് പാമ്പ് കടിയേറ്റതാണെന്ന് കണ്ടെത്തുന്നത്. ഇനിയും പാമ്പിന്‍ കുഞ്ഞുങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് വനം വകുപ്പിന്റെ നിഗമനം.




