തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വര്‍ണവും വിലപിടിപ്പുള്ള ആഭരണങ്ങളും കാണാതായ സംഭവത്തില്‍ നിര്‍ണായകമായ റിപ്പോര്‍ട്ട് ഇന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലക്ക് കൈമാറും. സംഭവത്തില്‍ തുടര്‍നടപടികള്‍ എന്താകണമെന്ന് മന്ത്രി നേരിട്ട് തീരുമാനിക്കുമെന്നാണ് സൂചന. ഇന്റലിജന്‍സ് വിഭാഗം സമര്‍പ്പിച്ച പ്രത്യേക റിപ്പോര്‍ട്ടും മന്ത്രി പരിശോധിക്കും.
ഡിജിപി സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടില്‍ ക്ഷേത്രസുരക്ഷയില്‍ ഗുരുതര വീഴ്ചകളുണ്ടെന്ന് ചൂണ്ടിക്കാണിക്കുന്നു. “അടുപ്പക്കാര്‍” എന്ന് വിശേഷിപ്പിക്കുന്ന ചില നിത്യസന്ദര്‍ശകര്‍ സുരക്ഷാ പരിശോധനകള്‍ ഒഴിവാക്കി ക്ഷേത്രത്തിനകത്ത് പ്രവേശിക്കുന്നുവെന്നാണ് കണ്ടെത്തല്‍. കവടിയാര്‍ കൊട്ടാരവുമായി അടുത്ത ബന്ധമുള്ള ചിലര്‍ സ്ക്രീനിംഗ് നടപടികള്‍ ലംഘിച്ചുവെന്ന ആരോപണവും റിപ്പോര്‍ട്ടിലുണ്ട്.
റിപ്പോര്‍ട്ടില്‍ ഗണപതി വി അയ്യര്‍, രാജേഷ് കഴക്കൂട്ടം, ജിം അരുണ്‍, കോട്ടക്കല്‍ ഷൈജു, പദ്‌മേഷ് പരശുരാമന്‍, അശോക് എന്നിവര്‍ ഉള്‍പ്പെട്ടതായി പറയുന്നു. ഇവര്‍ ക്ഷേത്രത്തിലേക്ക് പ്രവേശിക്കുമ്പോഴും പുറത്തുകടക്കുമ്പോഴും പതിവ് പരിശോധനകള്‍ ഒഴിവാക്കിയെന്നാണ് കണ്ടെത്തല്‍.
ഇതിനിടെ ക്ഷേത്ര ഭരണസമിതിയുടെ യോഗം ഇന്ന് ചേരും. ഡിജിപിയുടെ റിപ്പോര്‍ട്ട് യോഗത്തില്‍ ചര്‍ച്ചയാകാനാണ് സാധ്യത. സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കുന്നതിനും സ്ഥാനമാനഭേദമില്ലാതെ പരിശോധന നിര്‍ബന്ധമാക്കുന്നതിനും നിര്‍ദ്ദേശങ്ങള്‍ ഉയരുന്നുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട് നൂറ്റാണ്ടുകള്‍ പഴക്കമുള്ള വജ്രാഭരണമായ “വൈരനാമം” കാണാതായതായും റിപ്പോര്‍ട്ടില്‍ പറയുന്നു. പോളിഷിംഗിനായി ആറുമാസം മുന്‍പ് കൊണ്ടുപോയെന്നാണ് രേഖകളിലുള്ളത്. കൂടാതെ ഭക്തര്‍ സംഭാവന ചെയ്ത സ്വര്‍ണത്തിലും കുറവുണ്ടെന്ന കണ്ടെത്തലും പൊലീസിനെ ആശങ്കപ്പെടുത്തുന്നു. അറ്റകുറ്റപ്പണിക്കായി എടുത്ത സ്വര്‍ണവിളക്കും ഇതുവരെ തിരികെ എത്തിച്ചിട്ടില്ലെന്നാണ് അന്വേഷണ റിപ്പോര്‍ട്ടിലെ പരാമര്‍ശം.




