തിരുവനന്തപുരം: സിപിഎം മുൻ സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിക്ക് മൂന്ന് വർഷത്തിന് ശേഷം പാർട്ടി അംഗത്വം തിരിച്ചുനൽകി. നിരവധി തവണ അപേക്ഷ നൽകിയിട്ടും അംഗത്വം പുതുക്കാത്തത് വിവാദമായ സാഹചര്യത്തിലാണ് ഇപ്പോൾ പാർട്ടി തീരുമാനം വന്നത്.
ലഹരിക്കേസിൽ പേര് വന്നതിനെ തുടർന്ന് ബിനീഷിന്റെ അംഗത്വം നേരത്തെ റദ്ദാക്കിയിരുന്നു. പിന്നീട് 2023ൽ കേസിൽ നിന്ന് കുറ്റവിമുക്തനായെങ്കിലും പാർട്ടി അംഗത്വം തിരിച്ചുനൽകാൻ സംസ്ഥാന നേതൃത്വം തയ്യാറായിരുന്നില്ല. അംഗത്വം പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ബിനീഷ് നാല് തവണ സംസ്ഥാന നേതൃത്വത്തെ സമീപിച്ചിരുന്നുവെന്നാണ് വിവരം. ജില്ലാ നേതൃത്വവും ഇതിനായി ഇടപെട്ടിരുന്നു. എന്നാൽ ഓരോ തവണയും അപേക്ഷ പരിഗണിക്കാതെ മാറ്റിവെക്കുകയായിരുന്നു.
ഇതിനിടെ വിഷയം പാർട്ടിക്കുള്ളിൽ വലിയ ചർച്ചയായി മാറി. പാർട്ടി സെക്രട്ടറി എം വി ഗോവിന്ദൻ ഇതുസംബന്ധിച്ച് വ്യക്തമായ പ്രതികരണം നൽകിയിരുന്നില്ല. ഒടുവിൽ പിണറായി വിജയൻ നേരിട്ട് ഇടപെട്ടതോടെയാണ് അംഗത്വം തിരിച്ചുനൽകാനുള്ള തീരുമാനം ഉണ്ടായതെന്നാണ് പാർട്ടിയുമായി അടുത്ത വൃത്തങ്ങൾ പറയുന്നത്.






