പാലാ: പാലായിൽ നാണം കെട്ടായാലും ജോസ്.കെ.മാണിയെ വീഴ്ത്തണമെന്ന് കോൺഗ്രസ് കോട്ടയം ജില്ലാ നേതൃത്വം പാലാ നഗരസഭാ കൗൺസിലർമാർക്ക് കർശന നിർദ്ദേശം നൽകിയിരിക്കുന്നു. ഇതിനായി സ്വതന്ത്രർക്ക് കീഴടങ്ങണമെന്ന് ജില്ലാ നേതൃത്വം കർശന നിർദ്ദേശവും നൽകി. ശനിയാഴ്ച്ച കോട്ടയത്ത് വിളിച്ച് ചേർന്ന കോൺഗ്രസ് കൗൺസിലർമാരുടെ യോഗത്തിലാണ് ജില്ലാ നേതൃത്വം ശക്തമായ താക്കീത് നൽകിയിരിക്കുന്നത്. നഷ്ടം ഇപ്പോൾ നോക്കേണ്ട ലാഭവും പരിഗണിക്കേണ്ട.
ജോസ്.കെ.മാണിയുടെ ഭരണ സമിതി ഉണ്ടാവു വാൻ ഒരു കാരണവശാലും അനുവദിക്കില്ലെന്നാണ് ജില്ലാ നേതൃത്വത്തിൻ്റെ തീരുമാനമെന്ന് നേതൃത്വം വ്യക്തമാക്കി.
എന്നാൽ ആത്മാഭിമാനം പണയം വച്ച് 5 വർഷം കീഴടങ്ങാനാവില്ലെന്ന് ആറിൽ (6) മൂന്ന് കൗൺസിലർമാരും ഉറച്ച നിലപാട് എടുത്തു. 26 അംഗ പാലാ നഗരസഭാ കൗൺസിലിൽ കോൺഗ്രസിന് 6ഉം സഖ്യകക്ഷികൾക്ക് 4 ഉം ഉൾപ്പെടെ 10 പേർ മാത്രമെ ഉള്ളൂ.കേവല ഭൂരിപക്ഷമില്ല. ഭൂരിപക്ഷത്തിന് 14 പേർ വേണം. എൽ.ഡി.എഫിന് 12 പേർ ഉണ്ട്.
ഇവിടെ 3 സ്വതന്ത്രരും കോൺഗ്രസിൽ നിന്നും പുറത്താക്കിയ ശേഷം വിജയിച്ച മറ്റൊരു സ്വതന്ത്രയും ഉണ്ട്.
3 സ്വതന്ത്രർ ഒരു കുടുംബാംഗങ്ങളാണ്. ഇവരിൽ മകൾക്ക് 5 വർഷം ചെയർപേഴ്സൺ സ്ഥാനവും അച്ചന് 5 വർഷം വൈസ് ചെയർപേഴ്സൺ സ്ഥാനവും വേണമെന്നതാണ് മിനിമം ഡിമാണ്ട്. തുടക്കത്തിൽ നിയമസഭാ സീറ്റുകൂടി ആവശ്യപ്പെട്ടിരുന്നു. ചാണ്ടി ഉമ്മൻ്റെ പുതുപ്പള്ളിയോ തിരുവഞ്ചൂരിൻ്റെ കോട്ടയമോ ആവാമെന്ന് കാപ്പൻ അനുകൂലികൾ വ്യക്തമാക്കിയോടെ നിയമസഭാ സീറ്റ് ആവശ്യം തൽക്കാലം മടക്കി കെട്ടി. വിദ്യാർത്ഥിനിയായ മകൾ അവധി എടുക്കുമ്പോൾ വൈസ് ചെയർമാനാകുന്ന അച്ഛന് ചുമത ലഭിക്കുകയും 5 വർഷം പിൻ സീറ്റ് ഡ്രൈവിംഗ് നടത്തുകയും ചെയ്യാം. ഇതാണ് സ്വതന്ത്രരുടെ ലക്ഷ്യം.
ഇങ്ങനെ സ്വതന്ത്രർക്ക് തല വച്ചു കൊടുത്ത് നോക്കുകുത്തികളും കൈ പൊക്കികളു മയി അഞ്ച് വർഷം ഇരിക്കുന്നതിലും ഭേദം പ്രതിപക്ഷത്ത് ഇരിക്കുകയല്ലേ ഭേദമെന്നാണ് കോൺഗ്രസ് കൗൺസിലർമാരുടെ വാദം.
എം.എൽ.എ.കാപ്പനെ എല്ലാ ചർച്ചകളിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട് .ഇത് കാപ്പനെ അനുകൂലിക്കുന്ന ഒരു കൗൺസിലറെ ചൊടിപ്പിച്ചിട്ടുണ്ട് . കാപ്പൻ അനുകൂലിക്ക് ഒരു ചുള്ളികമ്പും കൊടുക്കില്ലെന്ന് വ്യക്തമായതോടെ അവരും അവസരം നോക്കിയിരുപ്പായി. ജോസഫ് വിഭാഗത്തിനും റോളില്ല. എല്ലാം ന്യൂനപക്ഷമായ ഭൂരിപക്ഷമില്ലാത്ത കോൺഗ്രസ് മൊത്ത കച്ചവടം ഏറ്റെടുക്കുന്നതിൽ പ്രതിഷേധം ഉരുകയാണ്. ചെയർമാൻ പദത്തിൽ ഒരു തവണ അവസരം വേണമെന്ന് കോൺഗ്രസ് നേതാവ് ജോസഫ് വാഴയ്ക്കൻ സ്വതന്ത്രരുടെ കാല് പിടിച്ചെങ്കിലും വഴങ്ങിയിട്ടില്ല.
കോൺഗ്രസിൽ നിന്നും പുറത്താക്കിയ വിമത ജയിച്ചിട്ടുണ്ടെങ്കിലും അവരെ ഒഴിവാക്കിയാണ് ചർച്ചകൾ. പിന്തുണയ്ക്കണമെങ്കിൽ ആദ്യ ടേം ചെയർമാൻ പദവി വേണമെന്ന് ഒരു മുഴം മുമ്പേ കൊഴിയെറിഞ്ഞ് നിൽകുകയാണ്. പുളിക്കകണ്ടം സ്വതന്ത്ര ഗ്രൂപ്പ് വിജയിച്ച ഉടനെ ജോസ്.കെ.മാണിക്ക് മധുര പ്രതികാരം ചെയ്യും എന്ന് പറഞ്ഞത് ഈ സ്വതന്ത്രർക്ക് എൽ.ഡി.എഫിൻ്റെ വള്ളത്തിൽ കാലുകുത്തുവാനുള്ള അവസരം ഇല്ലാതാക്കുകയും ചെയ്തു. എൽ.ഡി.എഫ് ആരേയും വളയ്ക്കുവാൻ ഇറങ്ങിയതുമില്ല.
ഇതിനിടെ സ്വതന്ത്രരെ പൂർണമായും ഒഴിവാക്കി ഇൻഡ്യാ മുന്നണിയായി ഭരിച്ചാലെന്താ എന്ന ചിന്തയും ചർച്ചയും ഉയർന്നു കഴിഞ്ഞു. വെട്ടിലായ സ്വതന്ത്രർ ഏതെങ്കിലും മുന്നണിയെ പ്രാപിച്ച് ചെയർമാനാകുവാൻ എത്ര താഴാമോ അത്രയും താഴ്ന്ന് ഉന്നതങ്ങളിൽ പിടി മുറുക്കി കൊണ്ടിരിക്കുകയാണ്. ഇതിൽ സാമ്പത്തിക നേട്ടം ആരുണ്ടാക്കും എന്നേ അറിയാനുള്ളൂ. തീരുമാനത്തിന് കൈപൊക്കുന്നവരുടെ കക്ഷത്തിലുള്ളത് പോകുകയും ഉത്തരത്തിലുള്ളത് കിട്ടുകയുമില്ല. സ്വതന്ത്രർക്ക് വേണ്ടി കൈ പൊക്കുന്നത് മിച്ചം.




