ന്യൂഡൽഹി: 2028-ലെ യു.എൻ കാലാവസ്ഥാ ഉച്ചകോടിയായ സി.ഒ.പി 33-ന് ആതിഥേയത്വം വഹിക്കാനുള്ള തീരുമാനത്തിൽ നിന്ന് ഇന്ത്യ പിന്മാറിയതായി ഔദ്യോഗിക സ്ഥിരീകരണം. വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ വെള്ളിയാഴ്ച നടന്ന വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. തീരുമാനത്തിന് പിന്നിലെ വ്യക്തമായ കാരണങ്ങൾ വെളിപ്പെടുത്താത്തതോടൊപ്പം വിവിധ ഘടകങ്ങൾ പരിഗണിച്ചാണ് പിന്മാറ്റമെന്ന് അദ്ദേഹം വ്യക്തമാക്കി.
2023-ൽ ദുബായിൽ നടന്ന സി.ഒ.പി 28 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് 2028-ലെ ഉച്ചകോടി ഇന്ത്യയിൽ നടത്താമെന്ന നിർദേശം മുന്നോട്ടുവെച്ചത്. ആഗോള കാലാവസ്ഥാ ചർച്ചകളിൽ കൂടുതൽ സജീവ പങ്കാളിത്തവും ‘ഗ്ലോബൽ സൗത്ത്’ രാജ്യങ്ങളുടെ ശബ്ദമായി ഉയരാനുള്ള ലക്ഷ്യവുമാണ് ഇതിന് പിന്നിലെന്നായിരുന്നു ഇന്ത്യയുടെ നിലപാട്.
2024 ജൂലൈയിൽ ബ്രസീൽ, റഷ്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ ബ്രിക്സ് രാജ്യങ്ങൾ ഇന്ത്യയുടെ നിർദേശത്തിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. തുടർന്ന്, ഉച്ചകോടി നടത്തിപ്പിനായി 2025 ജൂലൈയിൽ പരിസ്ഥിതി മന്ത്രാലയം ‘സി.ഒ.പി 33 സെൽ’ രൂപീകരിച്ച് പ്രവർത്തനങ്ങളും ആരംഭിച്ചിരുന്നു.
എന്നാൽ, ദുബായ് ഉച്ചകോടിയിൽ നേരിട്ട് മുന്നോട്ടുവെച്ച നിർദേശത്തിൽ നിന്നുള്ള ഇപ്പോഴത്തെ പിന്മാറ്റം ഇന്ത്യയുടെ കാലാവസ്ഥാ പ്രതിബദ്ധതയെയും അന്താരാഷ്ട്ര വിശ്വാസ്യതയെയും ബാധിക്കാമെന്ന ആശങ്ക കാലാവസ്ഥാ വിദഗ്ധർ ഉയർത്തുന്നു.




