ന്യൂഡൽഹി: തന്റെ പേരും രൂപവും ശബ്ദവും അനുമതിയില്ലാതെ നിർമിത ബുദ്ധി ഉപയോഗിച്ച് ദുരുപയോഗം ചെയ്യുന്നതിനെതിരേ ഇന്ത്യൻ ക്രിക്കറ്റ് ടീം മുഖ്യപരിശീലകൻ ഗൗതം ഗംഭീർ ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. ഡീപ്ഫേക്ക് വീഡിയോകൾക്കും ആൾമാറാട്ടത്തിനുമെതിരേ വ്യക്തിത്വ അവകാശങ്ങൾ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഗംഭീർ കേസ് ഫയൽചെയ്തത്. തന്റെ അനുമതിയില്ലാതെ ഇത്തരത്തിൽ ഉള്ളടക്കം നിർമിക്കുന്നവർക്കെതിരെ 2.5 കോടി രൂപ നഷ്ടപരിഹാരവും ഇത്തരം വീഡിയോകൾ സമൂഹമാധ്യമങ്ങളിൽനിന്ന് ഉടൻ നീക്കംചെയ്യണമെന്നും അദ്ദേഹം ഹർജിയിൽ ആവശ്യപ്പെട്ടു.
തന്റെ പേരും മുഖവും ശബ്ദവും ആയുധമാക്കി അജ്ഞാതരായ വ്യക്തികൾ വ്യാജവാർത്തകൾ പ്രചരിപ്പിക്കുകയാണെന്നും ഇതിലൂടെ സാമ്പത്തികലാഭം ഉണ്ടാക്കുന്നുണ്ടെന്നും ഗംഭീർ വ്യക്തമാക്കി. ഇത് കേവലം വ്യക്തിപരമായ വിഷമമല്ല, ഓരോ പൊതുപ്രവർത്തകനും അർഹിക്കുന്ന നിയമപരമായ സംരക്ഷണത്തിന്റെയും അന്തസ്സിന്റെയും പ്രശ്നമാണെന്നും അദ്ദേഹം പറഞ്ഞു.
ഗംഭീറിന്റെ പരിശീലനത്തിന് കീഴിൽ ഇന്ത്യ 2026-ലെ ടി20 ലോകകപ്പ് നിലനിർത്തുകയും 2025-ലെ ചാമ്പ്യൻസ് ട്രോഫിയും ഏഷ്യാ കപ്പും നേടുകയും ചെയ്തിരുന്നു. ഈ വിജയങ്ങൾക്കിടയിലും അദ്ദേഹത്തെ പരിഹസിക്കുന്നതിനായി വ്യാപകമായി ഡീപ്ഫേക്ക് സാങ്കേതികവിദ്യ ഉപയോഗിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് നിയമനടപടി സ്വീകരിച്ചത്. പ്രധാനമായും ഗംഭീർ പരിശീലകസ്ഥാനം രാജിവെക്കുന്നു എന്ന തരത്തിൽ പ്രചരിച്ച വ്യാജ വീഡിയോയ്ക്ക് 29 ലക്ഷത്തിലധികം കാഴ്ചക്കാരെ ലഭിച്ചിരുന്നു. മുതിർന്ന താരങ്ങളെക്കുറിച്ച് അദ്ദേഹം മോശം പരാമർശം നടത്തിയെന്ന രീതിയിലുള്ള മറ്റൊരു വീഡിയോ 17 ലക്ഷത്തിലധികം പേരാണ് കണ്ടത്. 2025 അവസാനത്തോടെ ഇൻസ്റ്റാഗ്രാം, എക്സ്, യൂട്യൂബ്, ഫേസ്ബുക്ക് തുടങ്ങിയ പ്ലാറ്റ്ഫോമുകളിൽ ഇത്തരം വ്യാജ ഉള്ളടക്കങ്ങൾ കുത്തനെ വർധിച്ചതായി അദ്ദേഹത്തിന്റെ നിയമസംഘം കോടതിയെ അറിയിച്ചു.
സമൂഹമാധ്യമ അക്കൗണ്ടുകൾ, ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളായ ആമസോൺ, ഫ്ളിപ്കാർട്ട്, മെറ്റ, ഗൂഗിൾ തുടങ്ങിയവയുൾപ്പെടെ 16 എതിർകക്ഷികളെ ഉൾപ്പെടുത്തിയാണ് കേസ് ഫയൽ ചെയ്തത്. പകർപ്പവകാശ നിയമം, ട്രേഡ് മാർക്ക് നിയമം എന്നിവ അടിസ്ഥാനമാക്കിയാണ് ഹർജി. എ.ഐ.യിലൂടെയോ മോർഫിങ്ങിലൂടെയോ തന്റെ വ്യക്തിത്വത്തെ ദുരുപയോഗം ചെയ്യുന്നത് സ്ഥിരമായി തടയണമെന്നും കോടതിവിധി വരുന്നതുവരെ ഇത്തരം വീഡിയോകൾ പ്രചരിപ്പിക്കുന്നത് നിർത്തിവെക്കാൻ അടിയന്തര ഉത്തരവ് വേണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടു.






