സിലിക്കണ്‍ വാലി: ഇന്ത്യന്‍ സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍ മൈക്രോസോഫ്റ്റിന്റെ ക്യാമ്പസില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മൈക്രോസോഫ്റ്റ് കോര്‍പ്പറേഷന്റെ സോഫ്റ്റ്വെയര് എഞ്ചിനീയറായ പ്രതീക് പാണ്ഡെ (35) ആണ് മരിച്ചത്. ഓഗസ്റ്റ് 19 ന് വൈകിട്ട് ഓഫീസില്‍ പോയ ഇദ്ദേഹത്തെ പിറ്റേന്ന് രാവിലെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മരണ കാരണം വ്യക്തമായിട്ടില്ല. സംഭവത്തില്‍ കമ്പനി പ്രതികരിച്ചിട്ടില്ല. മരണവുമായി ബന്ധപ്പെട്ട് മൈക്രോസോഫ്റ്റ് ആഭ്യന്തര അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
മൈക്രോസോഫ്റ്റിന്റെ ഫാബ്രിക് പ്രൊഡക്ട് വിഭാഗത്തിലാണ് ഇദ്ദേഹം ജോലി ചെയ്തിരുന്നത്. അമേരിക്കയിലെ സാന്‍ജോസ് സര്‍വകലാശാലയിലെ പൂര്‍വ വിദ്യാര്‍ത്ഥിയാണ്. വാള്‍മാര്‍ട്ട്, ആപ്പിള്‍ കമ്പനികളില്‍ മുന്‍പ് ജോലി ചെയ്ത ഇദ്ദേഹം 2020 ലാണ് മൈക്രോസോഫ്റ്റിനൊപ്പം ചേര്‍ന്നത്. മൃതദേഹം ഇന്ത്യയിലെത്തിക്കാനുള്ള ശ്രമത്തിലാണ് കുടുംബം.
മരണ വിവരമറിഞ്ഞ് ഓഗസ്റ്റ് 20 ന് പുലര്‍ച്ചെ 2 മണിയോടെ പോലീസ് സംഭവസ്ഥലത്ത് എത്തിയെന്നാണ് മൗണ്ടെയ്ന് വ്യൂ പൊലീസ് പ്രതികരിച്ചത്. സംശയാസ്പദമായ ഒന്നും കണ്ടെത്താനായില്ലെന്നും ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും പൊലീസ് അറിയിച്ചു.










