ന്യൂഡൽഹി: ഡൽഹിയിൽ ഐആർഎസ് ഉദ്യോഗസ്ഥന്റെ മകളെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി തലേദിവസം മറ്റൊരു സ്ത്രീയെയും ലൈംഗികമായി പീഡിപ്പിച്ചതായി പോലീസ് കണ്ടെത്തി. ആൽവാർ സ്വദേശിയായ രാഹുൽ (19) ഡൽഹിയിലെത്തുന്നതിന് മുമ്പ് സ്വന്തം നാട്ടിൽ ഒരു സ്ത്രീയെ ഉപദ്രവിച്ച ശേഷമാണ് രക്ഷപ്പെട്ടതെന്ന് അന്വേഷണത്തിൽ വ്യക്തമായി.
പിന്നീട് ഡൽഹിയിലെത്തി മുൻപ് ജോലിചെയ്തിരുന്ന ഐആർഎസ് ഉദ്യോഗസ്ഥന്റെ വീട്ടിലെത്തിയ പ്രതി, വീട്ടിൽ ഒറ്റയ്ക്കുണ്ടായിരുന്ന 22-കാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു. ഒരുമാസം മുൻപാണ് ഇയാളെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടത്. സഹപ്രവർത്തകരിൽ നിന്ന് കടം വാങ്ങിയ പണം തിരികെ നൽകാത്തതിനെ തുടർന്നുണ്ടായ പ്രശ്‌നങ്ങളാണ് പുറത്താക്കലിന് കാരണമായത്.
ജോലിയിൽ നിന്ന് പുറത്താക്കിയതിന്റെ പ്രതികാരവും കവർച്ചാ ഉദ്ദേശവുമാണ് കുറ്റകൃത്യത്തിന് പിന്നിലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. എന്നാല്‍ വിശദമായ ചോദ്യംചെയ്യലിന് ശേഷമേ യഥാര്‍ഥ കാരണം വ്യക്തമാകൂവെന്ന് അധികൃതർ പറഞ്ഞു.
ആൽവാറിൽ സുഹൃത്തിന്റെ ഭാര്യയെയാണ് പ്രതി പീഡിപ്പിച്ചതെന്നും, കുടുംബവുമായി അടുത്ത ബന്ധം നിലനിൽക്കെയായിരുന്നു സംഭവം എന്നും പോലീസ് വ്യക്തമാക്കി. സംഭവം പുറത്തായതോടെ പ്രതി ഡൽഹിയിലേക്ക് കടന്നതായും പറയുന്നു.
ഡൽഹിയിലെ കൈലാഷ് പ്രദേശത്തെ വീട്ടിൽ മറ്റൊരു താക്കോൽ ഉപയോഗിച്ച് കയറിയ പ്രതി യുവതിയെ ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു. മൊബൈൽ ഫോൺ ചാർജർ ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊന്നതായും, വീട്ടിൽ മോഷണവും നടത്തിയതായും പോലീസ് അറിയിച്ചു.
വീട്ടിൽ നിന്ന് പുറത്തേക്ക് പോകുന്ന പ്രതിയുടെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചതാണ് അന്വേഷണത്തിൽ വഴിത്തിരിവായത്. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ ദ്വാരകയിലെ ഒരു ഹോട്ടലില്‍നിന്നാണ് പ്രതിയെ പോലീസ് പിടികൂടിയത്.




