ലഖ്നൗ: ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിക്കെതിരെ ഇരട്ട പൗരത്വമുണ്ടെന്നാരോപിച്ച ഹർജി പരിഗണിക്കുന്നതിൽ നിന്ന് അലഹബാദ് ഹൈക്കോടതി ജഡ്ജിയായ ജസ്റ്റിസ് സുഭാഷ് വിദ്യാർഥി പിന്മാറി.
ഹർജിക്കാരനായ വിഘ്‌നേഷ് ശിശിർ സാമൂഹികമാധ്യമങ്ങളിൽ നടത്തിയ പരാമർശങ്ങൾ കോടതിയുടെ അന്തസ്സിനെ ബാധിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് പിന്മാറിയത്. രാഷ്ട്രീയ നേട്ടത്തിനായി കോടതിയെ ഉപയോഗിക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു.
ഹർജി ഇനി പുതിയ ബെഞ്ചിന് കൈമാറും. രാഹുൽ ഗാന്ധിയുടെ വാദം കേട്ടശേഷമായിരിക്കും തുടർനടപടികൾ. ഇതിനുമുമ്പ്, രാഹുൽ ഗാന്ധിക്ക് ബ്രിട്ടീഷ് പൗരത്വമുണ്ടെന്ന പരാതിയിൽ അന്വേഷണം നടത്തണമെന്ന ഉത്തരവ് ലഖ്നൗ ബെഞ്ച് താത്കാലികമായി തടഞ്ഞിരുന്നു. കേസിൽ ആവശ്യമായ നിയമവശങ്ങൾ കോടതിയെ ബോധിപ്പിക്കാൻ അഭിഭാഷകർ പരാജയപ്പെട്ടതായും ജസ്റ്റിസ് വ്യക്തമാക്കി.
കോടതിയെ സഹായിക്കേണ്ട ഉത്തരവാദിത്വം അഭിഭാഷകർക്ക് ഉണ്ടെങ്കിലും, ഈ കേസിൽ യു.പി. സർക്കാരിന്റെ അഭിഭാഷകനിൽ നിന്നോ ഡെപ്യൂട്ടി സോളിസിറ്റർ ജനറലിൽ നിന്നോ ആവശ്യമായ സഹായം ലഭിച്ചില്ലെന്നും ജസ്റ്റിസ് വിമർശിച്ചു. സാമൂഹികമാധ്യമങ്ങളിലൂടെ നടത്തിയ പ്രസ്താവനകൾ കോടതി ഗൗരവത്തെ ബാധിക്കുന്നതാണെന്ന് വിലയിരുത്തിയാണ് കേസ് മറ്റൊരു ബെഞ്ചിന് വിടാൻ തീരുമാനിച്ചത്.






