കണ്ണൂർ: സ്വാശ്രയ കോളേജ് അധ്യാപകർക്ക് യുജിസി യോഗ്യത നിർബന്ധമാക്കിയ കണ്ണൂർ സർവകലാശാല. അധ്യാപകർക്ക് നെറ്റ് അല്ലെങ്കിൽ പിഎച്ച്ഡി യോഗ്യത ഇല്ലെങ്കിൽ കോളേജുകളുടെ അഫിലിയേഷൻ റദ്ദാക്കുമെന്നാണ് സർവകലാശാലയുടെ മുന്നറിയിപ്പ്. സ്വാശ്രയ കോളേജുകളിലെ നിരവധി അധ്യാപകർക്ക് ഇപ്പോൾ ആവശ്യമായ യോഗ്യതകളില്ല. പ്ലസ് ടു ഫലം വരാനിരിക്കെ പുതിയ ഉത്തരവ് വിദ്യാർഥികളുടെ പ്രവേശനത്തെയും പഠനത്തെയും ബാധിക്കുമെന്ന ആശങ്ക ഉയർന്നിട്ടുണ്ട്. കൂടാതെ ഏകദേശം മൂവായിരത്തോളം അധ്യാപകരുടെ ജോലി അപകടത്തിലാകാനും സാധ്യതയുണ്ട്.
സർവകലാശാല പുറത്തിറക്കിയ സർക്കുലർ പ്രകാരം ഓരോ പഠനവകുപ്പിലുമുള്ള എല്ലാ അധ്യാപകർക്കും യുജിസി മാനദണ്ഡപ്രകാരമുള്ള യോഗ്യത നിർബന്ധമാണ്. ഉദാഹരണത്തിന് ഒരു വകുപ്പിൽ പത്ത് അധ്യാപകരുണ്ടെങ്കിൽ എല്ലാവർക്കും നെറ്റ് അല്ലെങ്കിൽ പിഎച്ച്ഡി യോഗ്യത വേണം. അല്ലാത്തപക്ഷം ആ കോഴ്‌സിന്റെ അഫിലിയേഷൻ റദ്ദാക്കും.
ഇതോടെ ഏകജാലക പ്രവേശന സംവിധാനത്തിൽ ആ കോഴ്‌സുകൾ ലഭ്യമാകില്ല. വിദ്യാർഥികൾക്ക് ആ കോഴ്‌സുകൾ തിരഞ്ഞെടുക്കാനും കഴിയില്ല. ഇതു സ്വാശ്രയ കോളേജുകളിലെ ബിരുദ, പി.ജി. പ്രവേശനത്തെ ഗുരുതരമായി ബാധിക്കുമെന്നാണ് വിലയിരുത്തൽ. പുതിയ ഉത്തരവ് നടപ്പായാൽ നിലവിലുള്ള അധ്യാപകരെ ഒഴിവാക്കി നെറ്റ് യോഗ്യതയുള്ളവരെ നിയമിക്കേണ്ട സാഹചര്യം കോളേജ് മാനേജ്മെന്റുകൾക്ക് ഉണ്ടാകും. അതിനാൽ അധ്യാപകർക്ക് യോഗ്യത നേടാൻ കൂടുതൽ സമയം അനുവദിക്കണമെന്ന് ആവശ്യം ഉയരുന്നുണ്ട്.
ചാൻസലറായ ഗവർണറുടെ നിർദേശപ്രകാരമാണ് പുതിയ ഉത്തരവ് പുറത്തിറക്കിയതെന്ന് കണ്ണൂർ സർവകലാശാല അറിയിച്ചു. വിഷയത്തിൽ ഗവർണറുടെയും സംസ്ഥാന സർക്കാരിന്റെയും തുടർ നിർദേശങ്ങൾ തേടിയിട്ടുണ്ടെന്നും അതനുസരിച്ചായിരിക്കും അടുത്ത നടപടി സ്വീകരിക്കുകയെന്നും സർവകലാശാല അധികൃതർ വ്യക്തമാക്കി.






