കൊല്ലം: ബെംഗളൂരുവിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച ഐ.ടി. ഉദ്യോഗസ്ഥ കാർത്തിക വി. നായരുടെ മരണത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് കുടുംബം രംഗത്ത്. ഇതുസംബന്ധിച്ച് അവർ കേരള മുഖ്യമന്ത്രിക്കും ഡിജിപിക്കും വനിതാ കമ്മിഷനും പരാതി നൽകി. അഞ്ചൽ പനയഞ്ചേരി സ്വദേശിയായ കാർത്തിക (35)യെ ഫെബ്രുവരി 20-നാണ് ബെംഗളൂരുവിലെ ഫ്ലാറ്റിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവിനെയും കുഞ്ഞിനെയും കൂടെവച്ച് കാർത്തിക അവിടെ താമസിക്കുകയായിരുന്നു.
അന്ന് രാത്രി കാർത്തികയ്ക്ക് അപകടമുണ്ടായതായി മാതാപിതാക്കളായ വേണുഗോപാലൻ നായരും ഇന്ദിരകുമാരിയും അറിഞ്ഞു. ബെംഗളൂരുവിലെ ആശുപത്രികളിൽ അന്വേഷിച്ചപ്പോൾ കാർത്തിക എന്ന പേരിൽ ആരെയും പ്രവേശിപ്പിച്ചിട്ടില്ലെന്ന് അറിയിച്ചു. തുടർന്ന് ഭർത്താവിന്റെ സുഹൃത്തുകളുമായി ബന്ധപ്പെടുമ്പോഴാണ് ജോലിസമ്മർദത്തെ തുടർന്ന് കാർത്തിക ആത്മഹത്യ ചെയ്തതാണെന്ന് കുടുംബത്തിന് വിവരം ലഭിച്ചത്.
എന്നാൽ കാർത്തിക ആത്മഹത്യ ചെയ്യില്ലെന്നും സംഭവത്തിൽ ദുരൂഹതയുണ്ടെന്നും ഭർത്താവിന്റെ പങ്ക് അന്വേഷിക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു. ബെംഗളൂരു പോലീസിൽ പരാതി നൽകിയെങ്കിലും അന്വേഷണം തൃപ്തികരമല്ലെന്നാണ് കുടുംബത്തിന്റെ ആരോപണം. അഞ്ചടി ഏഴിഞ്ച് ഉയരമുള്ള കാർത്തിക ആറടി ഉയരത്തിലുള്ള ജനൽക്കമ്പിയിൽ എങ്ങനെ തൂങ്ങി മരിക്കാമെന്ന ചോദ്യവും കുടുംബം ഉയർത്തുന്നു. എം.ടെക്. ബിരുദധാരിയായ കാർത്തികയുടെ വിവാഹം 2017 ഒക്ടോബറിലായിരുന്നു. സംഭവത്തിൽ കൂടുതൽ അന്വേഷണം വേണമെന്നാണ് കുടുംബം ആവശ്യപ്പെടുന്നത്.




