കാസർകോട്: ഹൈക്കോടതി വഴി വിവാഹമോചനം വേഗത്തിൽ നേടിക്കൊടുക്കാമെന്നും ജീവിതത്തിലെ പ്രശ്നങ്ങൾ പൂജകളിലൂടെ പരിഹരിക്കാമെന്നും വിശ്വസിപ്പിച്ച് യുവതിയിൽ നിന്ന് 13 ലക്ഷത്തിലധികം രൂപ തട്ടിയെടുത്ത കേസിൽ പ്രതി അറസ്റ്റിൽ. കോട്ടയം ആനിക്കാട് സ്വദേശി ആന്റണി വിൻസെന്റിനെയാണ് കാസർകോട് സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തത്. കൊല്ലം തെന്മലയിൽവെച്ചാണ് ഇയാളെ പിടികൂടിയത്.
2025 സെപ്റ്റംബർ 17 മുതൽ 2026 ജനുവരി രണ്ട് വരെയുള്ള കാലയളവിലാണ് തട്ടിപ്പ് നടന്നതെന്നാണ് പരാതി. ഭർത്താവുമായി പിരിഞ്ഞുകഴിയുകയായിരുന്ന ഉദുമ സ്വദേശിനിയെയാണ് പ്രതി ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ടത്. പിന്നീട് ഫോൺ, വാട്‌സാപ്പ് എന്നിവ വഴി നിരന്തരം ബന്ധപ്പെട്ട് യുവതിയുടെ വിശ്വാസം നേടിയെടുത്തു.
തുടർന്ന് ഹൈക്കോടതി വഴി വിവാഹമോചന നടപടികൾ എളുപ്പത്തിൽ പൂർത്തിയാക്കാമെന്നും ജീവിതത്തിലെ പ്രശ്നങ്ങൾ പ്രത്യേക പൂജകൾ നടത്തിയാൽ പരിഹരിക്കാമെന്നും പ്രതി യുവതിയെ വിശ്വസിപ്പിച്ചു. ഇതുപ്രകാരം യുവതിയുടെ വിവിധ ബാങ്ക് അക്കൗണ്ടുകളിൽനിന്ന് പലതവണയായി 13,16,731 രൂപ തട്ടിയെടുത്തെന്നാണ് പരാതി.
കാസർകോട് സൈബർ ക്രൈം പൊലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് പ്രതി തെന്മലയിൽ പിടിയിലായത്. സാമൂഹിക മാധ്യമങ്ങളിലൂടെ സൗഹൃദം സ്ഥാപിച്ച് നടത്തുന്ന ഇത്തരം സാമ്പത്തിക തട്ടിപ്പുകളിൽ ജാഗ്രത പാലിക്കണമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി.
സൈബർ സെല്ലിന്റെ സഹായത്തോടെ കാസർകോട് സൈബർ ക്രൈം പൊലീസ് ഇൻസ്പെക്ടറുടെ ചുമതലയുള്ള പി. നളിനാക്ഷന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. എസ്.ഐ. സവ്യസാചി, എ.എസ്.ഐമാരായ പി.കെ. രഞ്ജിത്ത് കുമാർ, എം. ദിലീഷ്, പ്രശാന്ത്, സിവിൽ പൊലീസ് ഓഫീസർമാരായ സവാദ് അഷ്‌റഫ്, വിപിൻ എന്നിവരും സംഘത്തിലുണ്ടായിരുന്നു.




