കൊച്ചി: ഐഎസ്എല്ലിൽ ഒരുമാസത്തോളം നീണ്ട ഇടവേളയ്ക്ക് ശേഷം കേരള ബ്ലാസ്റ്റേഴ്സ് വീണ്ടും കളത്തിലേക്ക്. ഈ ഞായറാഴ്ച മഡ്ഗാവിൽ എഫ്സി ഗോവയ്ക്കെതിരെയാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം. ഇടവേളയിലെ പരിശീലനത്തിലൂടെ ഫിറ്റ്നസും ടീമിന്റെ ഒത്തിണക്കവും മെച്ചപ്പെടുത്തിയ ആത്മവിശ്വാസത്തിലാണ് മഞ്ഞപ്പട തിരിച്ചെത്തുന്നത്.
ലീഗിൽ നാല് മത്സരങ്ങൾ പൂർത്തിയാക്കിയ ശേഷമാണ് ബ്ലാസ്റ്റേഴ്സിന് നീണ്ട ഇടവേള ലഭിച്ചത്. നാല് മത്സരങ്ങളിൽ ഒരു ജയവും രണ്ട് സമനിലയുമായി അഞ്ച് പോയിന്റാണ് ടീമിന്റെ സമ്പാദ്യം. പ്രീസീസണിൽ കാര്യമായ പരിശീലനത്തിന് അവസരം ലഭിക്കാതിരുന്ന ബ്ലാസ്റ്റേഴ്സിന് ഈ ഇടവേള വലിയ ആശ്വാസമായി. വെറും ഏഴ് ദിവസത്തെ പ്രീസീസൺ ക്യാമ്പിന് ശേഷമാണ് ടീം ലീഗിൽ മത്സരിക്കാനിറങ്ങിയത്.
ആദ്യ മത്സരങ്ങളിലെ പ്രകടനത്തിൽ പരിശീലകൻ ആഷ്‌ലി വെസ്റ്റ്‌വുഡ് സംതൃപ്തനാണ്. പരിമിതമായ തയ്യാറെടുപ്പുകൾക്കിടയിലും ലീഗിൽ മികച്ച തുടക്കം കുറിക്കാൻ ടീമിനായെന്ന് അദ്ദേഹം പറഞ്ഞു. ഇടവേളയ്ക്ക് ശേഷം കൂടുതൽ കരുത്തോടെ കളത്തിലിറങ്ങാനാണ് ലക്ഷ്യമെന്നും വെസ്റ്റ്‌വുഡ് വ്യക്തമാക്കി.
ആദ്യ മത്സരങ്ങളിൽ താരങ്ങളുടെ ഫിറ്റ്നസിനെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചിരുന്ന പരിശീലകൻ ഇടവേളയിൽ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചത് ഫിറ്റ്നസ്, കണ്ടീഷനിങ് മേഖലകളിലാണ്. താരങ്ങളുടെ ശാരീരികക്ഷമതയും കളിയിലെ വേഗവും തീവ്രതയും വർധിപ്പിക്കാൻ ലഭിച്ച അവസരം ഫലപ്രദമായി ഉപയോഗപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു.
പരുക്കിനെ തുടർന്ന് പുറത്തായിരുന്ന ബികാശ് യുംനമിന്റെ തിരിച്ചുവരവും ബ്ലാസ്റ്റേഴ്സ് ക്യാമ്പിന് പ്രതീക്ഷ നൽകുന്നുണ്ട്. ഈ സീസണിൽ 14 പുതിയ താരങ്ങൾ ടീമിലെത്തിയ സാഹചര്യത്തിൽ പരസ്പര ധാരണയും ഒത്തിണക്കവും മെച്ചപ്പെടുത്താനും ഇടവേള സഹായിച്ചിട്ടുണ്ട്.
പന്ത് കൈവശമുള്ളപ്പോഴും എതിരാളികളുടെ നിയന്ത്രണത്തിലാകുമ്പോഴും സെറ്റ് പീസ് സാഹചര്യങ്ങളിലും ടീം മെച്ചപ്പെടാൻ ശ്രമിച്ചിട്ടുണ്ടെന്ന് വെസ്റ്റ്‌വുഡ് വ്യക്തമാക്കി. എല്ലാ മേഖലകളിലും പുരോഗതി കൈവരിക്കാനാണ് പരിശീലനത്തിലൂടെ ലക്ഷ്യമിട്ടത്.
ആദ്യ മത്സരങ്ങളിൽ ബ്ലാസ്റ്റേഴ്സിന്റെ ഏറ്റവും മികച്ച പ്രകടനം പ്രതിരോധത്തിലായിരുന്നു. പരിമിതമായ പരിശീലനത്തിനുശേഷം മൂന്ന് മത്സരങ്ങളിൽ ക്ലീൻഷീറ്റ് നേടാനായത് ടീമിന് ആത്മവിശ്വാസം നൽകുന്നുണ്ട്.
അതേസമയം, അവസരങ്ങൾ സൃഷ്ടിച്ചിട്ടും അവ ഗോളാക്കി മാറ്റാൻ കഴിയാത്തതാണ് ടീമിന്റെ പ്രധാന പോരായ്മയായി വിലയിരുത്തപ്പെട്ടത്. എന്നാൽ ഇക്കാര്യത്തിൽ പരിശീലകന് ആശങ്കയില്ല. കൂടുതൽ പരിശീലനവും മത്സരപരിചയവും ലഭിക്കുന്നതോടെ ഗോൾ കണ്ടെത്തുന്നതിലും പുരോഗതിയുണ്ടാകുമെന്നാണ് വെസ്റ്റ്‌വുഡിന്റെ പ്രതീക്ഷ.
ഇടവേളയിൽ ആക്രമണനിരയുടെ മികവ് വർധിപ്പിക്കുന്നതിനും പ്രത്യേക പരിശീലനം നൽകിയിട്ടുണ്ട്. എഫ്സി ഗോവയ്ക്കെതിരായ മത്സരത്തോടെ കൂടുതൽ വേഗതയേറിയതും ആക്രമണാത്മകവുമായ ബ്ലാസ്റ്റേഴ്സിനെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.


