തിരുവനന്തപുരം: കുട്ടികളിൽ കഫ് സിറപ്പ് ഉപയോഗത്തിൽ നിയന്ത്രണം ശക്തമാക്കി കേരള സർക്കാർ. 12 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് ഡോക്ടറുടെ കുറിപ്പടിയില്ലാതെ കഫ് സിറപ്പ് നൽകാൻ പാടില്ലെന്നു ആരോഗ്യ വകുപ്പ് നിർദേശം നൽകി. പഴയ കുറിപ്പടികൾ അടിസ്ഥാനമാക്കിയുള്ള മരുന്ന് നൽകലും നിരോധിച്ചിരിക്കുകയാണ്.
കുട്ടികളുടെ ചുമ മരുന്നുകളുടെ സുരക്ഷയും ഉപയോഗ രീതികളും പഠിച്ച് അടിയന്തര റിപ്പോർട്ട് സമർപ്പിക്കാനായി മൂന്ന് അംഗ വിദഗ്ധ സമിതിയെ നിയോഗിച്ചു. സംസ്ഥാന ഡ്രഗ്‌സ് കൺട്രോളർ, ചൈൽഡ് ഹെൽത്ത് നോഡൽ ഓഫീസർ, ഐഎപി സംസ്ഥാന പ്രസിഡന്റ് എന്നിവർ ഉൾപ്പെടുന്ന സമിതിയാണ് അന്വേഷണം നടത്തുക. കൂടാതെ കുട്ടികൾക്കായി പ്രത്യേകം മാർഗരേഖയും ഉടൻ പുറത്തിറങ്ങും.
മധ്യപ്രദേശിൽ കഫ് സിറപ്പിന് പിന്നാലെ കുട്ടികൾ മരിച്ചെന്ന സംഭവത്തോട് അനുബന്ധിച്ച് സംസ്ഥാനത്ത് പരിശോധന ശക്തമാക്കിയിരുന്നു. ഇതിനിടെ നടത്തിയ റെയ്ഡിൽ കോൾഡ്രിഫ് ബ്രാൻഡിന്റെ 170 ബോട്ടിലുകൾ പിടിച്ചെടുത്തതായി അറിയിക്കുന്നു. ആദ്യ ഘട്ടത്തിൽ ശേഖരിച്ച 52 സാമ്പിളുകൾ പരിശോധിച്ചു വരികയാണ്. അനുവദനീയതക്കപ്പുറം ഡൈഎത്തിലീൻ ഗ്ലൈക്കോൾ ഉള്ളതാണോ എന്ന് പ്രത്യേക പരിശോധന നടക്കും.
ഡ്രഗ് കൺട്രോളർ ഇതിനകം തന്നെ ഫാർമസിസ്റ്റുകൾക്കും മരുന്ന് വ്യാപാരികൾക്കും സർക്കുലർ അയച്ചു കഴിഞ്ഞു. രണ്ട് വയസ്സിന് താഴെയുള്ള കുഞ്ഞുങ്ങൾക്ക് കഫ് സിറപ്പ് നൽകുന്നത് കർശനമായി നിരോധിച്ചിട്ടുണ്ട്. കുറിപ്പടിയില്ലാതെ മരുന്ന് വിൽപ്പനയും അനുവദിക്കില്ല.
സംസ്ഥാനത്ത് നിരീക്ഷണം ശക്തമാക്കാനും നിയന്ത്രണങ്ങൾ കർശനമായി നടപ്പിലാക്കാനുമായി ആരോഗ്യ മന്ത്രി അധ്യക്ഷനായുള്ള ഉന്നതതല യോഗത്തിലാണ് തീരുമാനങ്ങൾ എടുത്തത്. ആരോഗ്യവകുപ്പിന്റെയും ഡ്രഗ് കൺട്രോൾ വകുപ്പിന്റെയും ഉന്നത ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു.




