തിരുവനന്തപുരം: പിഎം ശ്രീയിൽ തുടരാൻ കേരളം. കരാർ വ്യവസ്ഥകളിൽ ഇളവ് തേടുമെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. വിഷയത്തിൽ അന്തിമ നിലപാട് മന്ത്രിസഭാ ഉപസമിതിയുടെ റിപ്പോർട്ടിന് ശേഷമായിരിക്കും സ്വീകരിക്കുകയെന്നും അദ്ദേഹം പറഞ്ഞു.
പദ്ധതിയിൽ തുടരാൻ സർക്കാർ നിർബന്ധിതമായ സാഹചര്യമാണുള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ സർക്കാർ പദ്ധതിയിൽ ഒപ്പിട്ടതിനാൽ കേരളം നിലവിൽ പങ്കാളിയാണെന്നും ഇതിനോടകം 99 കോടിയിലധികം രൂപ ലഭിച്ചതായും 106 കോടി രൂപ കേന്ദ്രം അനുവദിച്ചതായും അദ്ദേഹം വ്യക്തമാക്കി.
കരിക്കുലം രൂപീകരണത്തിൽ സംസ്ഥാനത്തിന്റെ പൂർണ സ്വാതന്ത്ര്യം ഉറപ്പാക്കണമെന്നതാണ് പ്രധാന നിലപാടെന്ന് മുഖ്യമന്ത്രി പറഞ്ഞു. പദ്ധതിയുടെ ഭാഗമായ സ്‌കൂളുകൾ തിരഞ്ഞെടുക്കാനുള്ള അവകാശം സംസ്ഥാനത്തിനുണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കേന്ദ്ര സർക്കാരിന്റെ ഇടപെടൽ ഇല്ലാതെ വിദ്യാഭ്യാസ സ്വാതന്ത്ര്യം ഉറപ്പാക്കണമെന്നതാണ് സർക്കാരിന്റെ ആശയപരമായ നിലപാടെന്നും മുഖ്യമന്ത്രി പറഞ്ഞു. പദ്ധതി നടപ്പിലാക്കുന്ന കാര്യത്തിൽ മറ്റ് ബിജെപി ഇതര സംസ്ഥാനങ്ങളുമായി സഹകരിച്ച് മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.




