തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെ.എം. ബഷീറിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ വിചാരണ തുടങ്ങാനിരിക്കെ പ്രോസിക്യൂട്ടർ മാറിയ സംഭവത്തിൽ കുടുംബം ആശങ്ക അറിയിച്ചു. കേസ് അട്ടിമറിക്കാൻ വീണ്ടും ശ്രമം നടക്കുന്നുണ്ടെന്നാണ് ബന്ധുക്കളുടെ ആരോപണം. ആഗസ്റ്റ് 1-ന് കേസിന്റെ വിചാരണ ആരംഭിക്കാനിരിക്കെയാണ് മുന്നറിയിപ്പില്ലാതെ നിലവിലെ പ്രോസിക്യൂട്ടർ കേസിൽ നിന്ന് ഒഴിഞ്ഞത്. ഇതിന് പകരം മറ്റൊരു പ്രോസിക്യൂട്ടറെ നിയമിച്ചതായാണ് വിവരം. സംഭവത്തിൽ നിയമനടപടി സ്വീകരിക്കാനാണ് കുടുംബത്തിന്റെ തീരുമാനം.
കേസിന്റെ തുടക്കം മുതൽ തന്നെ നടപടികളിൽ ആശങ്കയുണ്ടായിരുന്നുവെന്നും ഇപ്പോഴത്തെ മാറ്റവും സംശയം വർധിപ്പിക്കുന്നതായും കെ.എം. ബഷീറിന്റെ ബന്ധുക്കൾ പറഞ്ഞു. തിരുവനന്തപുരം നാലാം അഡീഷണൽ സെഷൻസ് കോടതിയിലാണ് കേസ് പരിഗണിക്കുന്നത്. ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമനാണ് കേസിലെ ഏക പ്രതി. നേരത്തെ രണ്ടാം പ്രതിയായിരുന്ന വഫ ഫിറോസിനെ കോടതി കുറ്റപത്രത്തിൽ നിന്ന് ഒഴിവാക്കിയിരുന്നു.
2019 ഓഗസ്റ്റ് 3-ന് തിരുവനന്തപുരത്ത് മ്യൂസിയത്തിന് സമീപം ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ച കാർ ഇടിച്ചാണ് കെ.എം. ബഷീർ മരിച്ചത്. ആദ്യം വാഹനം ഓടിച്ചത് വഫ ഫിറോസാണെന്നായിരുന്നു വിശദീകരണം. എന്നാൽ ദൃക്സാക്ഷികളുടെയും മാധ്യമപ്രവർത്തകരുടെയും ഇടപെടലിനെ തുടർന്ന് ശ്രീറാം വെങ്കിട്ടരാമനാണ് വാഹനം ഓടിച്ചതെന്ന് പിന്നീട് വ്യക്തമായി.



