ആലപ്പുഴ: തമിഴ്നാട്ടിൽ ഹരിപ്പാട് സ്വദേശിയായ യുവാവ് മരിച്ച സംഭവത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി. കരുവാറ്റ വിജിത്ത് ഭവനത്തിൽ വിജിത്ത് (40) മരിച്ച സംഭവത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ടാണ് സഹോദരൻ വിജേഷ് പരാതി നൽകിയത്.
തമിഴ്നാട്ടിലെ കൃഷ്ണഗിരി ജില്ലയിലെ രായക്കോട്ടയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു വിജിത്ത്. കായംകുളം കണ്ടല്ലൂർ സ്വദേശിനിയായ ഒരു സ്ത്രീയ്ക്കും ചെങ്ങന്നൂർ സ്വദേശിയായ ഒരാൾക്കുമെതിരെ അന്വേഷണം നടത്തണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. വിജിത്തിന് ജോലി ലഭിക്കാൻ സഹായിച്ച കണ്ടല്ലൂർ സ്വദേശിനിയുമായി സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നുവെന്നും വീടുപണിക്കായി വാങ്ങിയ പണം മുഴുവൻ തിരിച്ചുനൽകിയ ശേഷവും വിവിധ സാമ്പത്തിക ആവശ്യങ്ങൾ ഉന്നയിച്ച് നിരന്തരം സമ്മർദം ചെലുത്തിയിരുന്നുവെന്നും സഹോദരൻ പരാതിയിൽ ആരോപിക്കുന്നു.
കഴിഞ്ഞ ഡിസംബറിലാണ് വിജിത്ത് തൂങ്ങിമരിച്ചതായി വിവരം ലഭിച്ചത്. തുടർന്ന് വിജിത്ത് തന്റെ ഭർത്താവാണെന്ന് അവകാശപ്പെട്ട് കണ്ടല്ലൂർ സ്വദേശിനിയും സഹപ്രവർത്തകനായ ചെങ്ങന്നൂർ സ്വദേശിയും ചേർന്ന് മൃതദേഹം ഏറ്റുവാങ്ങി ബന്ധുക്കളെ അറിയിക്കാതെ ഹൊസൂരിലെ പൊതുശ്മശാനത്തിൽ സംസ്കരിച്ചതായും പരാതിയിൽ പറയുന്നു. വിജിത്ത് വിവാഹിതനല്ലായിരുന്നിട്ടും ഇത്തരത്തിൽ മൃതദേഹം ഏറ്റുവാങ്ങി സംസ്കരിച്ചതിൽ കുടുംബം ദുരൂഹത ഉന്നയിക്കുന്നു.
ബന്ധുക്കളുടെ ഫോൺ നമ്പറുകൾ കൈവശമുണ്ടായിരുന്നിട്ടും എട്ടുമാസത്തോളം മരണവിവരം മറച്ചുവെച്ചതും വിജിത്തിന്റെ വ്യക്തിഗത സാധനങ്ങളും തിരിച്ചറിയൽ രേഖകളും കൈവശപ്പെടുത്തിയതും സംശയാസ്പദമാണെന്നാണ് കുടുംബത്തിന്റെ ആരോപണം. സാമ്പത്തിക ആനുകൂല്യങ്ങൾ കൈക്കലാക്കാനുള്ള ശ്രമമാണോ സംഭവത്തിന് പിന്നിലെന്നും ഫോണിലെ സിം കാർഡ് മാറ്റി ഡിജിറ്റൽ തെളിവുകൾ നശിപ്പിച്ചതായും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.














