കൊച്ചി: കേന്ദ്ര സാമൂഹ്യനീതി മന്ത്രാലയത്തിന്റെ ലഹരി വിരുദ്ധ ബോധവൽക്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി കൊച്ചി കസ്റ്റംസ് കമ്മീഷണറേറ്റിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ ഔദ്യോഗിക ജേഴ്സിയുടെ പ്രകാശനം നടന്നു.
കസ്റ്റംസ് പ്രിൻസിപ്പൽ കമ്മീഷണർ ഡോ. ടി. ടിജു, ഒളിമ്പ്യനും അർജുന അവാർഡ് ജേതാവുമായ കെ. എം. ബിനുവിന് ജേഴ്സി കൈമാറിയാണ് പ്രകാശനം നിർവഹിച്ചത്. സെൻട്രൽ ജിഎസ്ടി കൊച്ചിയിലെ സ്പോർട്സ് ഓഫീസറും അത്ലറ്റ്സ് വെൽഫെയർ അസോസിയേഷൻ ജനറൽ സെക്രട്ടറിയുമാണ് കെ. എം. ബിനു.
ചടങ്ങിൽ CGST പ്രിൻസിപ്പൽ കമ്മീഷണർ ഹർഭിന്ദർ കൗർ പ്രസാദ് മുഖ്യാതിഥിയായി. ഓണാഘോഷത്തിന്റെ നിറവും ആവേശവും നിറഞ്ഞ അന്തരീക്ഷത്തിലായിരുന്നു ചടങ്ങുകൾ.
അപ്പീൽസ് കമ്മീഷണർ എസ്. അനിൽകുമാർ, അഡീഷണൽ കമ്മീഷണർമാരായ റാണി സി. ആർ., സുനീന കൃഷ്ണൻ, നശാ മുക്ത് ഭാരത് അഭിയാൻ കസ്റ്റംസ് നോഡൽ ഓഫീസറും ഡെപ്യൂട്ടി കമ്മീഷണറുമായ റോയ് വർഗീസ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
ലഹരിക്കെതിരെ സമൂഹത്തിൽ ശക്തമായ ബോധവൽക്കരണം സൃഷ്ടിക്കുന്നതിനൊപ്പം, ആരോഗ്യകരമായ ജീവിതശൈലിയുടെയും കായികമേഖലയുടെയും പ്രാധാന്യം ഉയർത്തിക്കാട്ടുന്ന സന്ദേശം കൂടിയാണ് ഈ സംരംഭം മുന്നോട്ടുവയ്ക്കുന്നത്.


