ആലപ്പുഴ: പുന്നമടക്കായലിൽ ആവേശം നിറച്ച് നടക്കുന്ന 72-ാമത് നെഹ്റു ട്രോഫി ജലമേള ഫൈനൽ പോരാട്ടത്തിലേക്ക്. ആറ് ഹീറ്റ്സുകളും പൂർത്തിയായതോടെ മേൽപ്പാടം, നടുഭാഗം, വീയപുരം, അരോമ എന്നീ ചുണ്ടൻ വള്ളങ്ങൾ ഫൈനലിലേക്ക് യോഗ്യത നേടി.
ആദ്യ ഹീറ്റ്സിൽ വീയപുരം ചുണ്ടൻ ഒന്നാമതെത്തി. 4 മിനിറ്റ് 20 സെക്കൻഡിലാണ് വള്ളം ഫിനിഷ് ചെയ്തത്. രണ്ടാം ഹീറ്റ്സിൽ ചമ്പക്കുളം ചുണ്ടൻ ഒന്നാം സ്ഥാനത്തെത്തി. ഈ ഹീറ്റ്സിൽ മത്സരിച്ച നാല് വള്ളങ്ങളും അഞ്ച് മിനിറ്റിലേറെ സമയമെടുത്താണ് ഫിനിഷ് ചെയ്തത്.
മൂന്നാം ഹീറ്റ്സിൽ മേൽപ്പാടം ചുണ്ടൻ മികച്ച പ്രകടനത്തോടെ ഒന്നാമതെത്തി. 4 മിനിറ്റ് 17 സെക്കൻഡിലാണ് ഫിനിഷ് ചെയ്തത്. നാലാം ഹീറ്റ്സിൽ അരോമ ചുണ്ടൻ 4 മിനിറ്റ് 27 സെക്കൻഡിൽ ഒന്നാമതെത്തി.
അഞ്ചാം ഹീറ്റ്സിൽ നിരണം ചുണ്ടനും ആറാം ഹീറ്റ്സിൽ ആനാരി ചുണ്ടനുമാണ് ഒന്നാമതെത്തിയത്. നിരണം 4 മിനിറ്റ് 28 സെക്കൻഡിൽ ഫിനിഷ് ചെയ്തപ്പോൾ ആനാരി അഞ്ച് മിനിറ്റിലേറെ സമയമെടുത്താണ് ലക്ഷ്യത്തിലെത്തിയത്.
ഉച്ചയോടെ മുഖ്യമന്ത്രി വി.ഡി. സതീശൻ നെഹ്റു ട്രോഫി ജലമേള ഉദ്ഘാടനം ചെയ്തു. കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാറും കേന്ദ്രമന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്തും മുഖ്യാതിഥികളായി പങ്കെടുത്തു. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി. എന്നിവരും ഉദ്ഘാടന വേദിയിലെത്തി. സാംസ്കാരിക മന്ത്രി പി.സി. വിഷ്ണുനാഥ് പതാക ഉയർത്തി.




